എന്തു തന്നെയായാലും പത്രിക പിൻവലിക്കില്ലെന്ന് ശശി തരൂർ

പത്രിക പിൻവലിക്കാൻ തരൂരിന് വിവിധ കോണുകളിൽ നിന്നും സമ്മർദമുണ്ടെന്നും അദ്ദേഹം പത്രിക പിൻവലിക്കുമെന്നും പ്രചാരണമുണ്ടാകുന്നുണ്ടെങ്കിലും ഇതിന് യാതൊരു സാധ്യതയുമില്ലെന്ന് ശശി തരൂർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് അടുത്തതോടെ നെഹ്‌റു കുടുംബം നിഷ്പക്ഷ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയാണ് തരൂർ വിഭാഗം. വ്യത്യസ്ത കോണുകളിൽ നിന്ന് ചില നേതാക്കളടക്കം ഈ വിധത്തിൽ ചില പ്രചരണങ്ങൾ നടത്തുന്നുണ്ടെങ്കിലും അതൊന്നും തന്നെ സംബന്ധിച്ച് വിഷയമല്ലെന്നാണ് തരൂർ പറയുന്നത്. താൻ ഉയർത്തുന്നത് ഒരു രാഷ്ട്രീയമാണ്. കോൺഗ്രസിന്റെ നല്ല ഭാവിയാണ് ആ രാഷ്ട്രീയത്തിന്റെ ലക്ഷ്യം. അതുകൊണ്ടു തന്നെ ഒരു ഒത്തുതീർപ്പിനും താനില്ല. പത്രിക ഒരു കാരണവശാലും പിൻവലിക്കില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിക്കും. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ ശശി തരൂരും മല്ലികാർജുൻ ഖാർഗെയും ഇന്നും പ്രചാരണം തുടരും.
xhf