തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ‍ യുഡിഎഫ് സ്ഥാനാർ‍ത്ഥി ഉമ തോമസിന് ചരിത്ര വിജയം


രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ‍ യുഡിഎഫ് സ്ഥാനാർ‍ത്ഥി ഉമ തോമസ് ചരിത്ര വിജയം സ്വന്തമാക്കി. 25,112 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു കയറിയത്. 2011−ൽ‍ ബെന്നി ബെഹനാൻ‍ നേടിയ 22,406 വോട്ട് ഭൂരിപക്ഷം എന്ന റിക്കാർഡ് ഉമ മറികടന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ‍ പി.ടി. തോമസ് 14,329 ഭൂരിപക്ഷമാണ് മണ്ഡലത്തിൽ നേടിയിരുന്നത്. ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം പ്രതിക്ഷിച്ചിരുന്ന മണ്ഡലത്തിൽ‍ എൽ‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാർ‍ഥികൾ‍ ചിത്രത്തിലേ ഇല്ലായിരുന്നു.

ആദ്യ റൗണ്ടിൽ‍ 2,157 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയപ്പോൾ‍ തന്നെ ട്രെന്‍ഡ് വ്യക്തമായിരുന്നു. കഴിഞ്ഞ തവണ പി.ടി. തോമസിന് ആദ്യ റൗണ്ടിൽ‍ ലഭിച്ചത് 1,258 വോട്ടിന്‍റെ ലീഡായിരുന്നു. രണ്ടും മൂന്നും നാലും റൗണ്ടുകളിലും ലീഡ് നല്ല നിലയിൽ‍ തുടർ‍ന്നപ്പോൾ‍ ഒരു ബൂത്തിൽ‍പോലും എൽ‍ഡിഎഫ് സ്ഥാനാർ‍ഥി ഡോ. ജോ ജോസഫിനു മേൽ‍ക്കൈ നേടാനായില്ല.

യുഡിഎഫ് ക്യാമ്പിൽ പോലും അമ്പരപ്പുണ്ടാക്കിയ ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഡിഎഫിന് വലിയ ആഹ്ലാദവും ഉത്തേജവും പകരുന്നതാണ് ഉപതെരഞ്ഞെടുപ്പു ഫലമെങ്കിൽ‍ നിയമസഭയിൽ‍ സെഞ്ച്വറി തികയ്ക്കാനുള്ള ആവേശത്തോടെ മുഴുവന്‍ ഭരണസംവിധാനങ്ങളും പ്രയോജനപ്പെടുത്തി മണ്ഡലം ഉഴുതു മറിച്ച് പ്രചാരണം നടത്തിയ ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയാണിത്.

അതേസമയം യുഡിഎഫ് പ്രചാരണത്തിന്‍റെ അമരക്കാരനായി നിന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണിത്. മുന്നണിക്ക് പുത്തന്‍ ഊർ‍ജവും ആവേശവും കെട്ടുറപ്പുമൊക്കെ പകരാന്‍ അദ്ദേഹത്തിനായി. ബിജെപി സ്ഥാനാർ‍ഥി എ.എൻ. രാധാകൃഷ്ണന് കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല. സംസ്ഥാന നേതാവിനെത്തന്നെ കളത്തിലിറക്കിയിട്ടും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയാത്തത് ബിജെപിയിലും വരും ദിവസങ്ങളിൽ‍ ചൂടേറിയ ചർ‍ച്ചയ്ക്കു വഴിയൊരുക്കും.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed