ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരേ വനം വകുപ്പ് കേസെടുത്തു

മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരേ വനം വകുപ്പ് കേസെടുത്തു. വനത്തിൽ അതിക്രമിച്ചു കടന്നതിന് കേരള ഫോറസ്‌റ്റ് ആക്‌ട് (27) പ്രകാരം വാളയാർ റെയ്‌ഞ്ച് ഓഫീസർ ആണ് കേസെടുത്തിരിക്കുന്നത്. ബാബുവിനൊപ്പം മല കയറിയ മൂന്നു വിദ്യാർഥികൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ബാബുവിനു പിന്നാലെ നിരവധി ആളുകൾ മലകയറാൻ തുടങ്ങിയതോടെ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. മകനു നൽകിയ ഇളവ് മറ്റുള്ളവർക്ക് പ്രോത്സാഹനമാകാതിരിക്കാന്‍ കേസെടുക്കണമെന്നു ബാബുവിന്റെ മാതാവ് റഷീദയും ആവശ്യം ഉന്നയിച്ചിരുന്നു. അതേസമയം, റഷീദ ഉൾപ്പെടെയുള്ളവരുടെ ആവശ്യം പരിഗണിച്ചാണു നടപടിയെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്‌തമാക്കി.
ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്നു വാളയാർ റെയ്‌ഞ്ച് ഓഫീസർ അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം കൂമ്പാച്ചിമലയിൽ കയറിയ കൊല്ലംകുന്ന് രാധാകൃഷ്‌ണനെതിരേ ആദിവാസിയായതിനാൽ കേസെടുത്തിട്ടില്ല.
ആദിവാസികൾക്ക് മലയിൽ പ്രവേശിക്കുന്നതിന് അനുമതിയുള്ള സാഹചര്യത്തിലാണ് കേസിൽനിന്ന് ഒഴിവാക്കിയതെന്നും വാളയാർ വനം വകുപ്പ് അധികൃതർ അറിയിച്ചു.