ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തന്‍റെ കൈയിൽ നിന്നും വാങ്ങിയെടുത്തെന്ന് ദിലീപ്


സംവിധായകൻ ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തന്‍റെ കൈയിൽ നിന്നും വാങ്ങിയെടുത്തെന്ന് നടൻ ദിലീപ്. ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ താൻ അറസ്റ്റിലായ ജയിലിൽ കിടന്നപ്പോൾ ബാലചന്ദ്രകുമാറും തന്നെ കാണാൻ എത്തിയിരുന്നു. അദ്ദേഹവുമായി മുൻ പരിചയമുണ്ട്. ജാമ്യം ലഭിച്ച് പുറത്തിറങ്ങി ഒരു മാസത്തിന് ശേഷം അദ്ദേഹം വീണ്ടും കാണാൻ വന്നു. തന്‍റെ ഭാര്യയ്ക്ക് പരിചയമുള്ള നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിയാണ് ജാമ്യം തരപ്പെടുത്തിയതെന്നും അദ്ദേഹത്തിന് പ്രതിഫലമായി പണം നൽകണമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. 

ആവശ്യത്തിന് വഴങ്ങാതെ വന്നതോടെ ഭീഷണിയായി. ജാമ്യം റദ്ദാക്കിക്കാൻ സാധിക്കുമെന്ന് ഭീഷണി മുഴക്കി. പലപ്പോഴായി 10 ലക്ഷം രൂപ ബാലചന്ദ്രകുമാർ കൈപ്പറ്റി. ഇതാണ് ശത്രുതയ്ക്ക് കാരണമെന്നാണ് ദിലീപ് വ്യക്തമാക്കുന്നത്. ബാലചന്ദ്രകുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാതിരുന്നതും ബന്ധം മോശമാക്കിയെന്നാണ് താരത്തിന്‍റെ വാദം. താനും ബാലചന്ദ്രകുമാറുമായുള്ള ഫോൺ ചാറ്റുകളുടെ വിശദാംശങ്ങൾ അന്വേഷണ സംഘം പിടിച്ചെടുത്തതായും ദിലീപ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed