വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ തീരുമാനം

വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനും അർഹരായവർക്ക് രണ്ട് മാസത്തിനകം പുതിയ പട്ടയം അനുവദിക്കാനും സർക്കാർ തീരുമാനം. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാൻ ഇടുക്കി കളക്ടറെ ചുമതലപ്പെടുത്തിയാണ് സർക്കാർ ഉത്തരവ് ഇറങ്ങിയത്. ഇടുക്കി ദേവികുളം താലൂക്കിൽ 1999 ൽ അഡീഷനൽ തഹസിൽദാരുടെ ചുമതല വഹിച്ചിരുന്ന എം.ഐ.രവീന്ദ്രൻ എന്ന ഡെപ്യൂട്ടി തഹസിൽദാർ വ്യാപകമായി അനധികൃത പട്ടയങ്ങൾ അനുവദിച്ചത് കണ്ടെത്തിയിരുന്നു.
തുടർന്ന് അഞ്ചംഗ സംഘം നാലു വർഷം വിശദമായി നടത്തിയ അന്വേഷണത്തിൽ ദേവികുളം താലൂക്കിലെ വിവിധ വില്ലേജുകളിലായി 530ലേറെ പട്ടയങ്ങൾ രവീന്ദ്രൻ അനുവദിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ അനധികൃത പട്ടയങ്ങൾ റദ്ദാക്കുന്ന നടപടി നീണ്ടു പോവുകയായിരുന്നു. 1964ലെ കേരള ഭൂപതിവു ചട്ടം 893 പ്രകാരവും 1977ലെ കണ്ണൻദേവൻ ഹിൽസ് ചട്ടം 21(1) പ്രകാരവും തെറ്റായ രേഖകളുടെ അടിസ്ഥാനത്തിലോ തെറ്റിദ്ധരിക്കപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലോ അനുവദിച്ച പട്ടയമാണെങ്കിൽ റദ്ദാക്കണമെന്നാണ് റവന്യു പ്രിൻസിപ്പിൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് കസ്റ്റഡിയിലെടുത്ത എല്ലാ പട്ടയ ഫയലുകളുടേയും അനുബന്ധ രേഖകളുടേയും പകർപ്പുകൾ രണ്ടാഴ്ചയ്‌ക്കകം കളക്ടർ ഇടപെട്ട് ലഭ്യമാക്കണമെന്നും റവന്യു അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. പട്ടയം റദ്ദാക്കിയാൽ ഉടമകൾ പുതിയ പട്ടയത്തിനായി ദേവികുളം തഹസിൽദാർക്ക് അപേക്ഷ നൽകണം. രവീന്ദ്രൻ പട്ടയം അനുവദിച്ച ഓരോ വില്ലേജിലും കളക്ടർ പ്രത്യേക സംഘത്തെ നിയമിച്ച് അപേക്ഷകൾ പരിശോധിച്ചു യോഗ്യത ഉറപ്പാക്കണം. 45 ദിവസത്തിനുള്ളിൽ നടപടികൾ തീർക്കണമെന്നാണ് ഉത്തരവ്.