ഷാൻ വധക്കേസ്; അഞ്ച് പ്രതികൾ പിടിയിൽ

തിരുവനന്തപുരം
ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാൻ വധക്കേസിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ. അതുൽ, ജിഷ്ണു, അഭിമന്യു, സാനന്ത്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഷാനെ കൊലപ്പെടുത്താൻ എത്തിയ അഞ്ചംഗ സംഘത്തിൽപ്പെട്ടവരാണിവർ. കേസിൽ ആദ്യമായാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളവർ പൊലീസ് പിടിയിലാകുന്നത്.
പ്രതികൾക്ക് രക്ഷപെടാൻ സഹായം നൽകിയവരാണ് ഇന്ന് അറസ്റ്റിലായതെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. കഴിഞ്ഞ ദിവസം ഷാന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള രണ്ട് പേരെ ആലപ്പുഴയിലെ ആർഎസ്എസ് കാര്യാലയത്തിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതൽ പേരുടെ അറസ്റ്റ്.
അതേസമയം ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. യഥാർത്ഥ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായും പ്രതികൾ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടുമണിയോടെ മണ്ണഞ്ചേരിക്ക് സമീപമാണ് ഷാനിനുനേരെ ആക്രമണമുണ്ടാകുന്നത്. സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ഷാനിനെ കാറിടിച്ചുവീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. സാരമായി പരുക്കേറ്റ ഷാനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.