വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണം; ഹർജിക്കാരന് ഒരു ലക്ഷം പിഴ ചുമത്തി ഹൈക്കോടതി


കൊച്ചി: രാജ്യത്ത് കൊറോണ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഗൗരവമുളള കേസുകൾ കെട്ടിക്കിടക്കുന്പോൾ അനാവശ്യ കേസുകൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി പിഴ ചുമത്തിയത്.

കൊറോണ സർട്ടിഫിക്കേറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്നുള്ള ഹർജിയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ താൽപ്പര്യമാണ്. പൊതുതാൽപര്യമല്ല, പ്രശസ്തി താൽപര്യമാണ് ഹർജിയ്‌ക്ക് പിന്നിലെന്നാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പരാമർശിച്ചത്. പിഴ തുക ആറാഴ്ചയ്‌ക്കകം കെൽസയിൽ അടയ്‌ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

കൊറോണ സർട്ടിഫിക്കേറ്റിലെ ചിത്രത്തിനെതിരെയുള്ള ഹർജി നേരത്തെ പരിഗണിക്കുന്പോഴും ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. നരേന്ദ്ര മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. നമ്മൾ നടത്തിയ ജനവിധിയിലൂടെയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. എന്തിനാണ് നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നതെന്നും 100 കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്നമാണ് ഹർജിക്കാരനുള്ളതെന്നുമാണ് കോടതി ചോദിച്ചത്. എന്ത് രാഷ്‌ട്രീയ അഭിപ്രായ വിത്യാസങ്ങൾ ഉണ്ടെങ്കിലും നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന് കോടതി ഓർമ്മിപ്പിച്ചിരുന്നു.

ഹർജിക്കാരൻ ന്യൂ ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംസ്ഥാനതല മാസ്റ്റർ കോച്ചാണ്. അതേസമയം മുൻ പ്രധാനമന്ത്രിയുടെ പേരിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന വ്യക്തിയായിട്ടും എന്താണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേര് മാറ്റണമെന്ന ആവശ്യം ഉന്നയിക്കാത്തതെന്ന കോടതി ചോദിച്ചിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed