കേരളത്തിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചവരിൽ 85.53 ശതമാനം പേരും വാക്സിൻ സ്വീകരിച്ചവർ


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ 85.53 ശതമാനം പേരും വാക്സിൻ സ്വീകരിച്ചവർ. റിപ്പോർ‍ട്ട് പ്രകാരം 4,700 പുതിയ രോഗികളിൽ‍ 4,020 പേർ‍ വാക്‌സിനേഷന് അർ‍ഹരായിരുന്നു. ഇവരിൽ‍ 504 പേർ‍ ഒരു ഡോസ് വാക്‌സിനും 2,304 പേർ‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാൽ‍ 1,212 പേർ‍ക്ക് വാക്‌സിൻ‍ ലഭിച്ചതായി റിപ്പോർ‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് വാക്‌സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 96.3 ശതമാനം പേർ‍ക്ക് ഒരു ഡോസ് വാക്‌സിനും (2,57,17,110), 65.8 ശതമാനം പേർ‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,75,88,240) നൽ‍കി. ഇന്ത്യയിൽ‍ ഏറ്റവും കൂടുതൽ‍ വാക്‌സിനേഷൻ/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (12,13,053).  കോവിഡ് വാക്‌സിനുകൾ‍ ആളുകളെ അണുബാധയിൽ‍ നിന്നും ഗുരുതരമായ അസുഖത്തിൽ‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്‍റെയും മരണത്തിന്‍റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. 

നവംബർ‍ 25 മുതൽ‍ ഡിസംബർ‍ ഒന്ന് വരെയുള്ള കാലയളവിൽ‍, ശരാശരി 47,005 കേസുകൾ‍ ചികിത്സയിലുണ്ടായിരുന്നതിൽ‍ 1.8 ശതമാനം പേർ‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.6 ശതമാനം പേർ‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവിൽ‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുന്പോൾ‍ റിപ്പോർ‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ‍ ഏകദേശം 2,705 കുറവ് ഉണ്ടായി.  പുതിയ കേസുകളുടെ വളർ‍ച്ചാ നിരക്കിൽ‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുന്പോൾ‍ എട്ട് ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്. നിലവിൽ‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികൾ‍, ആശുപത്രികൾ‍, ഫീൽ‍ഡ് ആശുപത്രികൾ‍, ഐസിയു, വെന്‍റിലേറ്റർ‍, ഓക്‌സിജന്‍ കിടക്കകൾ‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുൻ‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുന്പോൾ‍ ഈ ആഴ്ചയിൽ‍ യഥാക്രമം 18, 11, 30, 10, 8, 10 ശതമാനമായി കുറഞ്ഞു. ആശുപത്രിവാസത്തിന്‍റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

You might also like

Most Viewed