പ്ലസ് വൺ പരീക്ഷയ്ക്ക് വിപുലമായ സൗകര്യങ്ങൾ

തിരുവനന്തപുരം: ഈ മാസം 24ന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷയ്ക്ക് വിപുലമായ ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്കൂൾ പരിസരത്തും പരീക്ഷാ ഹാളിലും പ്രത്യേക സുരക്ഷാ സംവിധാനങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കുക. വിദ്യാർഥികൾക്ക് സ്കൂളിലേക്ക് ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. പ്രവേശന കവാടത്തിൽ തന്നെ സാനിറ്റൈസർ നൽകാനും തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും ക്രമീകരണം ഉണ്ടാവും.
പരീക്ഷാ അനുബന്ധ പ്രവർത്തനങ്ങൾക്ക് അനധ്യാപക ജീവനക്കാർ, പിടിഎ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എസ്എസ്കെ ജീവനക്കാർ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തും. പരീക്ഷയ്ക്കായി വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമല്ല. പരീക്ഷാ ദിവസങ്ങളിൽ സ്കൂൾ കോന്പൗണ്ടിൽ കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്ക് ധരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. കുട്ടികൾക്ക് പരസഹായം കൂടാതെ പരീക്ഷാഹാളിൽ എത്തിച്ചേരാനായി പ്രവേശന കവാടത്തിൽ തന്നെ എക്സാം ഹാൾ ലേ ഔട്ട് പ്രദർശിപ്പിക്കും. പരീക്ഷയ്ക്ക് മുന്പും ശേഷവും വിദ്യാർഥികൾ കൂട്ടം കൂടില്ലെന്നു ഉറപ്പാക്കും. കോവിഡ് പോസിറ്റീവ് ആയ വിദ്യാർഥികൾ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കിൽ വിവരം മുൻകൂട്ടി ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും വിദ്യാർഥികൾക്കും ബന്ധപ്പെട്ട ഇൻവിജിലേറ്റർമാർക്കും പിപിഇ കിറ്റ് ലഭ്യമാക്കാനുള്ള നടപടി ചീഫ് സൂപ്രണ്ടുമാർ സ്വീകരിക്കണം.
ഈ കുട്ടികൾ പ്രത്യേക ക്ലാസ് മുറിയിൽ ആയിരിക്കും പരീക്ഷ എഴുതേണ്ടത്. ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാർഥികളും ക്വാറന്‍റൈനിൽ ഉള്ള വിദ്യാർഥികളും പ്രത്യേകം ക്ലാസ് മുറികളിൽ പരീക്ഷ എഴുതണം. ക്ലാസ്മുറികളിൽ പേന, കാൽക്കുലേറ്റർ ഉൾപ്പെടെയുള്ളവ കൈമാറ്റം അനുവദിക്കുന്നതല്ല. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലേക്കായി എല്ലാ വിദ്യാലയങ്ങളിലും മേഖലാ ഉപമേധാവിമാരുടെ നേതൃത്വത്തിൽ മൈക്രോ പ്ലാൻ തയാറാക്കണം. ശീതീകരിച്ച ക്ലാസ് മുറികൾ പരീക്ഷയ്ക്ക് ഉപയോഗിക്കുന്നതല്ല. വായുസഞ്ചാരം ഉള്ളതും വെളിച്ചം ഉള്ളതുമായ ക്ലാസ് മുറികളാണ് പരീക്ഷയ്ക്ക് ഉപയോഗിക്കുക.