പുതിയ നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി രമേശ് ചെന്നിത്തല


കോട്ടയം: സംസ്ഥാന നേതൃത്വവുമായി സമവായത്തിനില്ലെന്ന സൂചന നൽകി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ. കെ സുധാകരനും വിഡി സതീശനും അടങ്ങിയ പുതിയ നേതൃത്വത്തിനെതിരെ വീണ്ടും പരസ്യ വിമർശനമുന്നയിച്ച് രമേശ് ചെന്നിത്തലയും കെസി ജോസഫും രംഗത്തെത്തി.

കോൺഗ്രസിൽ പ്രശ്നങ്ങൾ ഉണ്ടെന്നത് യാഥാർഥ്യമാണെന്ന് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. കോൺഗ്രസിൽ തീരുമാനങ്ങളെടുക്കുമ്പോൾ ഉമ്മൻചാണ്ടിയോട് ആലോചിക്കണമായിരുന്നുവെന്നും ഞങ്ങൾ നേതൃത്വത്തിൽ ഉണ്ടായിരുന്നപ്പോൾ ധാർഷ്ട്യം കാണിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. അച്ചടക്കത്തിന് മുൻകാല പ്രാബല്യം ഉണ്ടായിരുന്നെങ്കിൽ ഇന്ന് പലരും പാർട്ടിയിൽ ഉണ്ടാകുമായിരുന്നില്ലെന്നും സതീശനേയും സുധാകരനേയും ഉന്നം വച്ച് ചെന്നിത്തല വിമർശിച്ചു.
'ഉമ്മൻ ചാണ്ടിയുടേയും തന്റെയും കാലത്ത് കോൺഗ്രസിനെ തിരിച്ച് കൊണ്ടു വന്നു. ആ നേതൃത്വം ധാർഷ്ട്യത്തിൻ ഭാഷ ഉപയോഗിച്ചിട്ടില്ല. അതില്ലാതെ തന്നെ എല്ലാവരേയും ഒന്നിച്ച് കൊണ്ടു പോയി. കെ കരുണാകരനെയും മുരളീധരനേയും തിരികെ കൊണ്ടു വന്നതടക്കം ആ സമയത്താണ്. തന്നോട് കാര്യങ്ങൾ ആലോചിക്കണമെന്നില്ല. താൻ നാലണ മെമ്പർ മാത്രമാണ്. പക്ഷേ ഉമ്മൻ ചാണ്ടി അങ്ങനെയല്ല. പുതിയ നേതൃത്വം അച്ചടക്കത്തെ കുറിച്ച് പറയുന്നത് സന്തോഷം തന്നെയാണ്'. എന്നാൽ മുൻപ് പലപ്പോഴും അച്ചടക്ക നടപടി എടുത്തിരുന്നെങ്കിൽ ഇന്നത്തെ പലരും പാർട്ടിയിൽ ഉണ്ടാകുമായിരുന്നില്ലെന്നും ചെന്നിത്തല വിമർശിച്ചു.

You might also like

Most Viewed