വില കുത്തനെ ഇടിഞ്ഞു; തക്കാളി റോഡിലുപേക്ഷിച്ച് കർഷകർ

മുംബൈ: മഹാരാഷ്ട്രയിൽ തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ കനത്ത നഷ്ടം നേരിട്ട കർഷകർ തക്കാളി റോഡിലുപേക്ഷിച്ച് പ്രതിഷേധിച്ചു. നാസിക്കിലും ഔറംഗാബാദിലുമുള്ള കർഷകരാണ് മൊത്തവിപണിയിൽ വില ഇടിഞ്ഞതോടെ ദുരിതത്തിലായത്. ഉത്പാദനം കൂടുകയും കയറ്റുമതി സാധ്യതകൾ കുറയുകയും ചെയ്തതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ചില്ലറ വിപണിയിൽ ഒരു കിലോഗ്രാം തക്കാളിക്ക് 25 രൂപ മുതൽ 30 രൂപവരെ വിലയുണ്ടെങ്കിലും നാസിക്കിലെ പിംപൽഗാവിലെ മൊത്തവിപണയിൽ കർഷകർക്ക് കിട്ടുന്നത് രണ്ടോ മൂന്നോ രൂപയാണ്. 25 കിലോ കൊള്ളുന്ന തക്കാളി കൂടയ്ക്ക് 100 രൂപപോലും കിട്ടില്ലെന്നറിഞ്ഞപ്പോഴാണ് കർഷകർ കടുത്ത നിലപാടെടുത്തത്.
കൂടയ്ക്ക് ചുരുങ്ങിയത് 300 രൂപ കിട്ടിയാൽ മാത്രമാണ് നഷ്ടം നികത്താനാകൂ എന്നാണ് കർഷകർ പറയുന്നത്. ഈ വർഷം പേമാരിയോ കൊടുംവരൾച്ചയോ ഇല്ലാതിരുന്നത് തക്കാളിക്കൃഷിയ്ക്ക് ഗുണം ചെയ്തിരുന്നു. നല്ലമഴ കിട്ടിയതും വിളവെടുപ്പിന് അനുകൂലമായി. എന്നാൽ കൊവിഡിന്റെ രണ്ടാം തരംഗം ഉയർത്തിയ പ്രതിബന്ധങ്ങൾ കാരണം കയറ്റുമതി കുറഞ്ഞതാണ് കർഷകരെ വലച്ചത്. ഉത്പാദനം കൂടുകയും. കയറ്റുമതി കുറയുകയും ചെയ്തതോടെ വില ഇടിയാന്‍ കാരണമായി.
രാജ്യത്തെ ഏറ്റവും വലിയ തക്കാളി ഉത്പാദന കേന്ദ്രമായ നാസിക്കിലെ ലാസൽഗാവ്, പിംപൽഗാവ് മൊത്ത വിപണികളിൽ ഒരു ക്വിന്റൽ തക്കാളി 664 രൂപയ്ക്കാണ് വിൽക്കുന്നത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ 2037 രൂപ കിട്ടിയിരുന്ന സ്ഥാനത്താണ് വില കുത്തനെ ഇടിഞ്ഞത്.