തെരുവ് നായ്ക്കൾക്ക് പൊതുഭക്ഷണ കേന്ദ്രങ്ങൾ ഒരുക്കണം; ഹൈക്കോടതി
തിരുവനന്തപുരം: തെരുവിൽ അലയുന്ന നായ്ക്കൾക്കായി ഭക്ഷണം നൽകാൻ പൊതുവായ കേന്ദ്രങ്ങൾ സർക്കാർ ഒരുക്കണമെന്ന് കേരള ഹൈക്കോടതി. തിരുവന്തപുരത്ത് മൂന്ന് യുവാക്കൾ ചേർന്ന് വളർത്തുനായയെ തല്ലിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. ജസ്റ്റിസുമാരായ എ കെ ജയശങ്കർ നന്പ്യാർ, പി ഗോപിനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാറിന് നിർദേശം നൽകിയത്.
‘തെരുവ് നായ്ക്കൾ വിശക്കുന്പോൾ മാത്രമാണ് അക്രമാസക്തരാവുന്നത്. അവ ഭക്ഷണവും വെള്ളവും മാത്രമാണ് തേടുന്നത്. അതിനായി പൊതുഭക്ഷണ കേന്ദ്രം സ്ഥാപിക്കാനായാൽ പാതി പ്രശ്നം പരിഹരിക്കപ്പെടും’ എന്നും കോടതി വ്യക്തമാക്കി. നായ്ക്കൾക്കുള്ള തീറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് പ്രദേശവാസികളെ ആക്രമിക്കില്ലെന്ന നിലയുണ്ടാക്കും, നായ്ക്കളുടെ ഭയം ഇല്ലാതാക്കുമെന്നും ബെഞ്ച് നിർദ്ദേശിച്ചു. ഹർജി കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം, ആനിമൽ വെൽഫെയർ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓർഗനൈസേഷനുകൾ അല്ലെങ്കിൽ സന്നദ്ധപ്രവർത്തകർക്ക് മാത്രമേ ഭക്ഷണം നൽകുന്നതിനും ജനന നിയന്ത്രണ പ്രവർത്തനങ്ങളോ നടത്താൻ അനുവാദം നൽകാവു എന്നും കോടതി നിർദ്ദേശിച്ചു. വളർത്തുമൃഗങ്ങളെ അവരുടെ ഉടമസ്ഥർ തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യണം. വേഗത്തിൽ ലൈസൻസ് ഇക്കാര്യം ആവശ്യപ്പെട്ട് സർക്കുലർ പുറപ്പെടുവിക്കാനും കോടതി ആവശ്യപ്പെട്ടു.
ആനിമൽ വെൽഫെയർ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏഴ് മൃഗസംരക്ഷണ സംഘടനകളും നാല് സ്വകാര്യ ഷെൽട്ടറുകളും മാത്രമാണ് ഇപ്പോൾ ഉള്ളതെന്ന് അമിക്കസ് ക്യൂറി സുരേഷ് മേനോൻ കോടതിയെ അറിയിച്ചു. ആനിമൽ വെൽഫെയർ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഷൽട്ടറുകൾക്ക് പുറമെ സ്വകാര്യ വ്യക്തികൾ നടത്തുന്ന 17 ഷെൽട്ടറുകൾ അവരുടെ വസതികളിൽ ഉണ്ടെന്നും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇത്തരം കേന്ദ്രങ്ങൾ നടത്തുന്നവരെ പ്രദേശവാസികളും മുനിസിപ്പൽ അധികാരികളുടെയും എതിർപ്പുൾപ്പെടെ നേരിടേണ്ടി വന്നിട്ടുള്ളതായും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ഇക്കാര്യം അംഗീകരിച്ച കോടതി പരിക്കേറ്റവയോ, അസുഖമുള്ള നായ്ക്കളെ മാത്രമേ ചികിത്സയ്ക്കും പരിചരണത്തിനുമായി ഷെൽട്ടറുകളിൽ സൂക്ഷിക്കേണ്ടതുള്ളു എന്നും മറ്റുള്ളവയെ വന്ധ്യംകരിച്ച് വിട്ടയക്കാമെന്നും കോടതി വ്യക്തമാക്കി.

