മെട്രോ ജനകീയ യാത്ര കേസ്: ഉമ്മൻ ചാണ്ടി ഉൾപ്പടെ മുഴുവൻ പ്രതികളേയും വെറുതെവിട്ടു


കൊച്ചി: മെട്രോ ജനകീയ യാത്ര കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പടെ മുഴുവൻ പ്രതികളേയും വെറുതെവിട്ടു. രമേശ് ചെന്നിത്തല, എം എം ഹസൻ, വി ഡി സതീശൻ, പി ടി തോമസ് തുടങ്ങി 29 പേരാണ് പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. നിയന്ത്രണങ്ങൾ ലംഘിച്ച് മെട്രോ ജനകീയ യാത്ര സംഘടിപ്പിച്ചെന്നായിരുന്നു കേസ്. ജനപ്രതിനിധികൾക്കായുള്ള കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. 2017ലാണ് മെട്രോയില്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കൾ ജനകീയ യാത്ര നടത്തിയത്. ആലുവയില്‍ നിന്ന് പാലാരിവട്ടം വരെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ യാത്ര. മെട്രോ ഉദ്ഘാടനച്ചടങ്ങും ആദ്യയാത്രയും രാഷ്ട്രീയവത്കരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു യുഡിഎഫിന്‍റെ മെട്രോ യാത്ര. എന്നാൽ പ്രവർത്തകർ കൂട്ടമായി മുദ്രാവാക്യം വിളിച്ചും പ്രകടനമായും ആലുവയിലെയും പാലാരിവട്ടെത്തെയും സ്റ്റേഷനിലെത്തിയതോടെ സുരക്ഷ സംവിധാനങ്ങൾ താറുമാറാക്കി. ടിക്കറ്റ് സ്കാൻ ചെയ്ത് മാത്രം പ്ലാറ്റ്ഫോമിലേക്ക് കടത്തിവിടേണ്ട ഓട്ടോമാറ്റിക് ടിക്കറ്റ് ഗേറ്റുകൾ തിരക്ക് നിമിത്തം തുറന്നിടേണ്ടിയും വന്നു. യാത്രയ്ക്കിടെ മെട്രോ ട്രെയിനിൽ വച്ചും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.

മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷൻ പരിസരത്തും പ്രകടനം നടത്തുന്നത് ആയിരം രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ 500 രൂപ പിഴയും നൽകണം. ജനകീയ യാത്രയ്ക്കിടെ സാധാരണ യാത്രക്കാർക്ക് പ്ലാറ്റ്ഫോമിൽ നിൽക്കാൻ പോലും ഇടം ലഭിച്ചിരുന്നില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed