പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാത്തതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ചു പ്രതിഷേധം

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാത്തതിനെതിരെ പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ. സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ചുകൊണ്ടാണ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം. പി.എസ്.സി സമരപന്തലിലാണ് പ്രതിഷേധം. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, അദ്ധ്യാപകർ, വനിതാ കോൺസ്റ്റബിൾ തുടങ്ങി വിവിധ റാങ്ക് ഹോൾഡേഴ്സാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്നത്. ഇവരുടെയൊക്കെ കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കുകയാണ്. ഈ റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ പ്രതിഷേധം നടക്കുന്നത്. പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഇന്ന് ആവർത്തിച്ചിരുന്നു.
വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സിന്റെ അസോസിയേഷനാണ് ഏറ്റവും ആദ്യം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങിയത്. ഒരു വർഷമായിരുന്നു ഇവരുടെ കാലാവധി. 2020 ഓഗസ്റ്റ് നാലിനാണ് ഈ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ഇതിന് ശേഷം കൊറോണ, ലോക്ക്ഡൗൺ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ വന്നതോടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറഞ്ഞു. തുടർന്ന് ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസം കൂടി നീട്ടി നൽകമണമെന്നായിരുന്നു ഇവരുടെ ആവശ്യം.
നിശ്ചിത കാലപരിധി വച്ച് മാത്രമേ കാലാവധി നീട്ടാൻ സാധിക്കൂ എന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. ഒരു വർഷമാണ് സാധാരണ ഗതിയിൽ പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി. അസാധാരണ സാഹചര്യങ്ങളിലാണ് റാങ്ക്ലിസ്റ്റ് കാലാവധി നീട്ടാൻ പി എസ് സിക്ക് ശുപാർശ നൽകുന്നത്. കൊവിഡ് കാലത്ത് പി എസ് സി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ തടസം വന്നിട്ടില്ലന്ന് മുഖ്യമന്ത്രി പറയുന്നു. എല്ലാ ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. മുഴുവൻ ഒഴുവുകളിലും നിയമനം നടത്തുക എന്നതാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.