കരിപ്പൂർ സ്വർണക്കടത്ത് കേസ്; ഒന്നാം പ്രതിക്ക് ജാമ്യം

കോഴിക്കോട്: രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി ഷഫീഖിന് ഉപാധികളോടെ ജാമ്യം. സാന്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതിയായ ഷെഫീഖിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
ചോദ്യം ചെയ്യൽ പൂർത്തിയായത് കൊണ്ട് ജാമ്യം നൽകാമെന്നായിരുന്നു കോടതിയുടെ നിലപാട്. മാത്രമല്ല ഷെഫീഖിന് ജാമ്യാപേക്ഷയെ കസ്റ്റംസ് കാര്യമായി എതിർത്തതുമില്ല. ഉപാധികളോടെയാണ് കോടതി ഷെഫീഖിന് ജാമ്യം അനുവദിച്ചത്.
അതേസമയം ഷാഫിയുടെ പക്കൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്ത രേഖകൾ കോടതിക്ക് കൈമാറി. മുദ്രവച്ച കവറിലാണ് രേഖകൾ കൈമാറിയത്. അർജുൻആയങ്കിയുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കുകയാണ്. അർജുനെ നാല് ദിവസത്തേയ്ക്ക് കസ്റ്റഡിയിലാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. അർജുനെയും ഷാഫിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണം എന്ന് കസ്റ്റംസ് കോടതി അറിയിച്ചു. അർജുൻ മൊബെെൽ ഫോൻ രഹസ്യമാക്കിയതിന് പിന്നിൽ പലതും മറയ്ക്കാനെന്നും കസ്റ്റംസ് കോടതിയിൽ വാദിച്ചു.