സർവീസുകൾ പുനരാരംഭിച്ച് കൊച്ചി മെട്രോ
കൊച്ചി: സർവീസുകൾ വീണ്ടും പുനരാരംഭിച്ച് കൊച്ചി മെട്രോ. നീണ്ട ഇടവളയ്ക്കുശേഷം ഇന്നു രാവിലെ എട്ടു മുതലാണു സർവീസുകൾ പുനരാരംഭിച്ചത്. രാത്രി എട്ടുവരെയാണു സർവീസുകൾ ഉണ്ടാകുക. രാവിലത്തെ സർവീസുകൾക്കു യാത്രികർ നന്നേ കുറവെങ്കിലും വരും ദിവസങ്ങളിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണു യാത്രികർ. കോവിഡ് മാർഗനിർദേശങ്ങളും പ്രോട്ടോകോളും പാലിച്ചു, തിരക്കേറിയ സമയങ്ങളിൽ 10 മിനിറ്റും അല്ലാത്ത സമയങ്ങളിൽ 15 മിനിറ്റും ഇവേളയിലാണു സർവീസ്. ഒന്നിടവിട്ട സീറ്റുകളിലാണു യാത്രക്കാർ ഇരിക്കേണ്ടത്. പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ മാത്രമെ നിൽക്കാവൂ. ട്രെയിനിനകത്ത് ശുദ്ധവായു സഞ്ചാരം ഉറപ്പാക്കുന്നതിന് സ്റ്റേഷനുകളിലെ ട്രെയിനിന്‍റെ കാത്തിരിപ്പ് സമയം 20 സെക്കൻഡിൽനിന്ന് 25 സെക്കൻഡായി ഉയർത്തിയിട്ടുണ്ട്. ട്രെയിനുകളിലെ താപനില 26 ഡിഗ്രിയിൽ നിലനിർത്തും. 53 ദിവസത്തെ ലോക്ഡൗൺ ഇടവേളയ്ക്കു ശേഷമാണ് കൊച്ചി മെട്രോ ട്രെയിന്‍ സർവീസുകൾ പുനരാരംഭിച്ചിട്ടുള്ളത്. കോവിഡ് ഒന്നാംതരംഗ സമയത്തും മെട്രോ സർവീസുകൾ നിർത്തിവച്ചിരുന്നു. 2020 മാർച്ച് 23ന് നിർത്തിവച്ച സർവീസുകൾ അഞ്ച് മാസത്തിനുശേഷം സെപ്റ്റംബർ ഏഴിനാണു പുനരാരംഭിച്ചത്.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മേയ് മാസത്തിലാണ് സർവീസുകൾ വീണ്ടും നിർത്തിവച്ചത്. ലോക്ഡൗൺ ഇളവുകൾ ജൂൺ അവസാനത്തോടെ നിലവിൽ വന്നെങ്കിലും ശുചീകരണം, സുരക്ഷ മുൻകരുതലുകൾ അടക്കമുള്ള പ്രവർത്തനങ്ങൾ ഒരുക്കേണ്ടതിനാലാണ് സർവീസ് പുനരാരംഭം വൈകിയതെന്നു കെഎംആർഎൽ അധികൃതർ പറഞ്ഞു. എല്ലാ േസ്റ്റഷനുകളും അണുവിമുക്തമാക്കിയിട്ടുണ്ട്. സ്റ്റേഷൻ പരിസരത്ത് പ്രവേശിക്കുന്നതിന് മുന്പ് യാത്രക്കാരുടെ താപനില പരിശോധിക്കുന്നതിന് സ്റ്റേഷൻ എൻട്രികളിൽ തെർമൽ സ്‌കാനറുകളുണ്ട്. പ്രധാന േസ്റ്റഷനുകളിൽ തെർമൽ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്രീകൃത സിസിടിവി നിരീക്ഷണ സംവിധാനവും ഉപയോഗിച്ചാണ് സ്റ്റേഷനുകളിലും ട്രെയിനുകളിലും യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

