കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നൽകി നടന്‍ മമ്മൂട്ടി


കൊച്ചി: എറണാകുളം പാർലമെന്‍റ് മണ്ഡലത്തിൽ കഴിഞ്ഞ 40 ദിവസങ്ങളായി ഹൈബി ഈഡൻ എം. പി നടപ്പിലാക്കുന്ന മരുന്ന് വിതരണ പദ്ധതിയ്ക്ക് പിന്തുണയുമായി നടൻ മമ്മൂട്ടി. കൊവിഡ് പോസിറ്റീവ് രോഗികൾക്ക് വിതരണം ചെയ്യുന്നതിനുള്ള വൈറ്റമിൻ മരുന്നുകൾ, പ്രതിരോധ പ്രവർത്തകർക്ക് വേണ്ടിയുള്ള പൾസ് ഒക്സിമീറ്ററുകൾ, സാനിറ്റൈസറുകൾ മുതലായവ മമ്മൂട്ടി ഹൈബി ഈഡന് കൈമാറി. കടവന്ത്രയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് എം.പി മരുന്നുകൾ ഏറ്റുവാങ്ങിയത്. നടന്‍ രമേഷ് പിഷാരടിയും കൂടെയുണ്ടായിരുന്നു. പദ്ധതിയുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം മമ്മൂട്ടി ചോദിച്ചറിഞ്ഞിരുന്നു.

ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തിൽ കൊവിഡ് പോസിറ്റീവ് രോഗികൾക്ക് മരുന്നിന് വേണ്ടിയുള്ള ഹെൽപ് ഡെസ്ക്ക് ആദ്യമായി ആരംഭിച്ചത് ഹൈബി ഈഡൻ ആയിരുന്നു. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ഹെൽപ്പ് ഡെസ്ക്കിൽ വിളിച്ചാൽ കൊവിഡ് പോസിറ്റീവ് രോഗികൾക്കാവശ്യമുള്ള മരുന്നുകൾ വീട്ടിലെത്തിക്കും. കൊവിഡ് പോസിറ്റീവായവരോ അവരുടെ കുടുംബാംഗങ്ങളോ സ്ഥിരമായി കഴിക്കുന്ന മറ്റു രോഗങ്ങൾക്കുള്ള മരുന്നുകളും എത്തിക്കും. ഡോക്ടറുടെ സേവനം ആവശ്യപ്പെടുന്നവരെ ഡോക്ടർ തിരിച്ച് വിളിക്കുന്നതിന് ഡോക്ടർ ഓൺ കോൾ പദ്ധതിയും ആരംഭിച്ചിരുന്നു.

ഇടപ്പള്ളി ഫ്യൂചറേസ് ഹോസ്പിറ്റൽ, കളമശ്ശേരി കിൻഡർ ഹോസ്പിറ്റൽ എന്നിവരുമായി സഹകരിച്ചാണ് ഡോക്ടർ ഓൺ കോൾ പദ്ധതി നടപ്പിലാക്കുന്നത്. ഡോക്ടർമാർ, ഐ ടി വിദഗ്ദർ,പ്രൊഫഷണൽ കോളേജ് വിദ്യാർഥികൾ എന്നിവരാണ് എം. പിയുടെ കൊവിഡ് ഹെൽപ്പ് ഡെസ്ക്കിൽ സേവനം അനുഷ്‌ടിക്കുന്നത്. ഇന്ററക്റ്റീവ് വോയിസ് റെസ്പോൺസ് സിസ്റ്റം ഉപയോഗിച്ചുള്ള കോൾ സെന്ററാണ് ഇതിനുവേണ്ടി സജ്ജമാക്കിയിരിക്കുന്നത്.

എറണാകുളം പാർലമെന്റിന് കീഴിൽ പറവൂർ, കളമശ്ശേരി, വൈപ്പിൻ, എറണാകുളം, കൊച്ചി, തൃപ്പൂണിത്തുറ, തൃക്കാക്കര എന്നീ നിയോജക മണ്ഡലങ്ങളിൽ ഉള്ളവർക്കാണ് മരുന്ന് ലഭ്യമാക്കുക. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മരുന്നുകൾ വീടുകളിൽ എത്തിക്കുന്നത്. 40 ദിവസങ്ങളിലായി 2889456/-( ഇരുപത്തി എട്ട് ലക്ഷത്തി എൻപത്തി ഒൻപതിനായിരത്തി നാനൂറ്റി അൻപത്തി ആറ് രൂപ ) രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു. 3624 രോഗികൾക്കാണ് മരുന്നുകൾ വിതരണം ചെയ്തത്. 2178 രോഗികൾ ഇതിനകം ഡോക്ടർ ഓൺ കോൾ സേവനം ഉപയോഗപ്പെടുത്തിയതായും ഹൈബി ഈഡൻ എം. പി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed