കേരളത്തിൽ മേയ് പകുതിയോടെ കൊറോണ രോഗികളുടെ എണ്ണം 4 ലക്ഷം കടക്കും; ആശുപത്രി സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വർദ്ധിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം: മേയ് പകുതിയോടെ സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം ഏറ്റവും ഉയർന്ന തോതിലെത്തുകയും, പിന്നീടു കുറയുകയും ചെയ്യുമെന്ന് പ്രൊജക്‌ഷൻ റിപ്പോർട്ട്.ആ സമയത്ത് ചികിത്സയിലുള്ളവർ നാലു ലക്ഷത്തോളമാകും. ഈ സാഹചര്യത്തിൽ ആശുപത്രി സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വർധിപ്പിക്കാൻ തീരുമാനം.
രോഗികളുടെ എണ്ണം തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ എണ്ണം മേയ് അവസാനം വരെ ഉയർന്നു നിൽക്കാനിടയുണ്ട്. ഡോക്ടർമാരുടെ കുറവു പരിഹരിക്കാൻ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികളുടെ സേവനം പ്രയോജനപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
ഏതൊക്കെ രോഗികൾക്കാണ് ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടതെന്ന് കണ്ടെത്താൻ ആരോഗ്യ വകുപ്പ് പ്രായോഗിക മാനദണ്ഡങ്ങൾ തയാറാക്കും. രോഗവ്യാപനം വർധിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ച് സെർജ് പ്ലാനുകൾ തയാറാക്കാൻ മെഡിക്കൽ കോളജുകളോട് ആവശ്യപ്പെട്ടു.ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുമായി ചർച്ച നടത്തി
കൂടുതൽ രോഗബാധിതരുള്ള കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ കിടക്കകളും ഐസിയു കിടക്കകളും വർധിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കാസർകോട്ടെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമുണ്ടെന്ന റിപ്പോർട്ടിലും അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.