എലത്തൂർ സീറ്റിൽ എൻസികെ സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പൻ
പാലാ: എലത്തൂർ സീറ്റിൽ എൻസികെ സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പൻ. തർക്കങ്ങളെല്ലാം പരിഹരിക്കപ്പെടും. യുഡിഎഫ് എൻസികെയ്ക്ക് അനുവദിച്ച സീറ്റാണിത്. സീറ്റ് ആർക്കും വിട്ടുനൽകില്ലെന്നും വിമത സ്ഥാനാർഥി പത്രിക പിൻവലിക്കുമെന്നും കാപ്പൻ വ്യക്തമാക്കി. എലത്തൂരിലെ എൻസികെ സ്ഥാനാർത്ഥി സുൾഫിക്കർ മയൂരിയെ അംഗീകരിക്കില്ലെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്. കെപിസിസി അംഗം യു.വി ദിനേശ് മണി ഇവിടെ പത്രിക സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട് എംപി എം.കെ രാഘവന്‍റെ പിന്തുണയോടെയാണ് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് പ്രവർത്തകരുടെ വികാരം. സുൾഫിക്കർ മയൂരിയെ അംഗീകരിക്കില്ലെന്ന് എം.കെ രാഘവനും വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ കെപിസിസി നേതൃത്വം ഇടപെട്ട് ചർച്ച നടത്തിയിട്ടും പ്രതിസന്ധി അയയുന്നില്ല.

