ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയയെ തുടർന്ന് മരണം; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ കേസ്
ശാരിക
കോഴിക്കോട്: ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയയെത്തുടർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പൊലീസ് ചികിത്സാ പിഴവിന് കേസെടുത്തു. വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണി (49) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്.
കഴിഞ്ഞ എട്ടാം തീയതി മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിലാണ് തങ്കമണിയുടെ ശസ്ത്രക്രിയ നടന്നത്. ഒമ്പതാം തീയതി റൂമിലേക്ക് മാറ്റിയതിന് പിന്നാലെ അവർക്ക് ഛർദ്ദിയും പനിയും അനുഭവപ്പെടുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു. ഭക്ഷണം കഴിച്ചാൽ ഛർദ്ദിക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ വൻകുടലിൽ മുറിവുണ്ടായതായി ഡോക്ടർമാർ അറിയിച്ചതായും കുടുംബം പറയുന്നു. ഇതേതുടർന്ന് വീണ്ടും ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി ശസ്ത്രക്രിയ നടത്തിയെങ്കിലും ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

