ആഴക്കടൽ മത്സ്യബന്ധനത്തിന് ഒരു കന്പനിയുമായും കരാർ ഒപ്പിട്ടിട്ടില്ല; ആരോപണം തള്ളി മേഴ്സിക്കുട്ടിയമ്മ
കൊല്ലം: ആഴക്കടൽ മത്സ്യബന്ധനത്തിന് ഒരു കന്പനിയുമായും കരാർ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കേരളത്തിന്റെ തീരദേശം ഒരു വിദേശ ഏജൻസിക്കും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. തുറന്നുകൊടുക്കുന്ന പ്രശ്നവുമില്ല. പരന്പാഗത തൊഴിലാളിക്ക് എതിരായ ഒരു ഫിഷറീസ് നയവുമില്ലെന്നും ന്യൂയോർക്കിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ന്യൂയോർക്കിൽ ഒരു ചർച്ചയും നടന്നിട്ടില്ല. യുഎൻ ക്ഷണിച്ച പരിപാടിക്കാണ് അമേരിക്കയിൽ പോയത്. യുഎൻ പരിപാടിയിൽ അല്ലാതെ മറ്റാരോടും അമേരിക്കയിൽ ചർച്ച നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. ആരെങ്കിലും കത്ത് പുറത്തുവിട്ടാൽ നമുക്ക് എന്താണ് കാര്യമെന്നും വ്യവസായ മന്ത്രിക്ക് കന്പനി അയച്ച കത്ത് സംബന്ധിച്ച് ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു.മത്സ്യതൊഴിലാളി സമൂഹം ഒറ്റക്കെട്ടായി നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായാണ് കേന്ദ്രസർക്കാർ വിദേശി ഡിസി ട്രോളറുകൾ അനുമതി നിഷേധിച്ചിരിക്കുന്നത്.
അനുമതി കൊടുക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്, സംസ്ഥാനത്തിനല്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പരന്പരാഗ തൊഴിലാളിയുടെ അവകാശം ഘനിക്കുന്ന ഒരുകാര്യവും കേരളം ചെയ്യില്ലെന്നും ഇത് അസംബന്ധ പ്രചാരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. ഡിസി ട്രോളറുകൾക്ക് കേരളതീരം തുറന്നുകൊടുക്കുക എന്ന പ്രശ്നമുദിക്കുന്നില്ലെന്നും അഴക്കടൽ മത്സ്യബന്ധനത്തിന് പരന്പരാഗത മത്സ്യത്തൊഴിലാളിയെ പ്രാപ്തരാക്കുക എന്ന പദ്ധതി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. കേരളവും കേന്ദ്രവും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ്. 10 ബോട്ടുകൾക്ക് പെർമിറ്റ് നടത്താന് കേരളം തീരുമാനിച്ചിട്ടുണ്ട്. അതല്ലാതെ ഒരു വിദേശികൾക്കും അനുമതി കൊടുക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.



