മലപ്പുറത്തെ സ്‌കൂളുകളിലെ കൊവിഡ് വ്യാപനം: പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത


മലപ്പുറം: മലപ്പുറത്തെ സ്‌കൂളുകളിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത. രോഗവ്യാപനം സംഭവിച്ച സ്‌കൂളിലും പരിസര പ്രദേശങ്ങളിലും ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. പെരുന്പടപ്പ് വന്നേരി സ്‌കൂളിലും, മാറഞ്ചേരി മുക്കാല സ്‌കൂളിലുമാണ് രോഗ വ്യാപനം. രണ്ട് സ്‌കൂളുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താത്ക്കാലികമായി അടച്ചു. ഇരു സ്‌കൂളുകളിലെയും അധ്യാപകരും വിദ്യാർത്ഥികളുമടക്കം 262 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അടിയന്തര സാഹചര്യം കണക്കിൽ എടുത്ത് പൊന്നാനിയിൽ കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. രോഗവ്യാപനം കണക്കിലെടുത്ത് പൊന്നാനി താലൂക്കിലെ മുഴുവൻ ടർഫുകളും അടക്കാൻ കളക്ടർ നിർദേശം നൽകി. രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥികൾ എത്തിയ താലൂക്കിലെ ട്യൂഷൻ സെന്ററുകളിൽ പരിശോധന നടത്താനും യോഗത്തിൽ തീരുമാനമായി. താലൂക്ക് പരിധിയിൽ ഗുരുതര സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും മറ്റ് കുട്ടികൾക്ക് രോഗം പകരാതിരിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചെന്നും സ്പീക്കർ പി. ശ്രീരാമകൃഷണൻ പറഞ്ഞു.

You might also like

  • NEC

Most Viewed