തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്; കരാറിൽ ഒപ്പുവച്ചു
ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന്. ഇതുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിറ്റിയും അദാനി ഗ്രൂപ്പും കരാറിൽ ഒപ്പു വച്ചു. എയർപോർട്ട് അതോറിറ്റിയാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. 50 വർഷത്തേക്കാണ് കരാർ. ജയ്പുർ, ഗോഹട്ടി വിമാനത്താവളങ്ങളുടെയും നടത്തിപ്പവകാശവും അദാനി ഗ്രൂപ്പ് സ്വന്തമാക്കി. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷൻസ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയർപോർട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യ കന്പനിക്കാകും. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് വിമാനത്താവളത്തിന്‍റെ നടത്തിപ്പവകാശം എയർപോർട്ട് അതോറിറ്റി അദാനി ഗ്രൂപ്പിന് കൈമാറിയത്.
