ഉത്തർ പ്രദേശിൽ പഞ്ചായത്ത് അദ്ധ്യക്ഷയായി പാക് വനിത; അന്വേഷണം ആരംഭിച്ചു
ലഖ്നൗ: പാകിസ്ഥാനിൽ നിന്നുള്ള വനിത ഉത്തർപ്രദേശിലെ ഇറ്റാവയിൽ ഗ്രാമപഞ്ചായത്തിന്റെ ഇടക്കാല അദ്ധ്യക്ഷ പദവിയിലെത്തിയ സംഭവത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. കറാച്ചി സ്വദേശിനിയായ ബാനൂ ബീഗമാണ് പഞ്ചായത്തിന്റെ ഇടക്കാല അദ്ധ്യക്ഷ പദവിയിൽ എത്തിയത്. ഇറ്റാവ ജില്ലക്കാരനായ ഒരാളെ വിവാഹം കഴിഞ്ഞ് 40 വർഷമായി അവിടെ താമസിക്കുകയാണ് ഇവർ. പാക് പൗരയാണെന്ന് വ്യക്തമായതോടെ ബാനൂ ബീഗത്തെ ഗ്രാം പ്രഥാൻ പദവിയിൽ നിന്ന് നീക്കിയതായും സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും ഇറ്റാവ ജില്ലാ ഗ്രാമപഞ്ചായത്തിരാജ് ഓഫീസർ അലോക് പ്രിയദർശി പറഞ്ഞു.
ഇവർക്ക് എതിരെ കേസെടുക്കാൻ പൊലീസിനോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പാക് വനിതയ്ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും പിന്നീട് ഇടക്കാല അദ്ധ്യക്ഷയാകാനും കഴിയുന്ന തരത്തിൽ ആധാറും മറ്റ് രേഖകളും എങ്ങനെ ലഭിച്ചു എന്നതിനെപ്പറ്റി അന്വേഷണം നടത്താൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.

