ബുറെവി ചുഴലിക്കാറ്റ്: തെക്കന്‍ തമിഴ്‌നാട്, കേരളതീരങ്ങളിൽ റെഡ് അലേര്‍ട്ട്
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തെക്കൻ കേരളം- തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ്- റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടു. ഇത് കന്യാകുമാരിയിൽ നിന്ന് ഏകദേശം 320 കിമീ ദൂരത്തിലുമാണ്.
ചുഴലിക്കാറ്റ് ഡിസംബർ മൂന്നിന് ഉച്ചയോടുകൂടിയോ ഡിസംബർ നാലിന് പുലർച്ചയോടു കൂടിയോ പാന്പൻ തീരത്തെത്തുന്പോൾ ചുഴലിക്കുള്ളിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 70 മുതൽ 80 കിമീ വരെയും ചില അവസരങ്ങളിൽ 90 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ 3 ന് അർദ്ധരാത്രിയോടുകൂടി തമിഴ്നാട് തീരത്തെത്തുമെന്നും പ്രതീക്ഷിക്കുന്നു.
കേരളത്തിനുള്ള മുന്നറിയിപ്പ്:
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന് പ്രകാരം ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി (Deep Depression) ഡിസംബർ നാലിന് കേരളത്തിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാൽ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്തുനിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. നിലവിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്.

