എം. ശിവശങ്കറിനെ ഒരാഴ്ച ഇ.ഡി കസ്റ്റഡിയില്‍ വിട്ടു: കേസിൽ അഞ്ചാം പ്രതി

കൊച്ചി: ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി എൻഫോഴ്സ്മെന്റ് കോടതിയിൽ പ്രാഥമിക കുറ്റപത്രം നൽകി. കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കേസിലാണ് ഇദ്ദേഹത്തെ അഞ്ചാം പ്രതിയാക്കി ചേർത്തത്. കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ ഏഴ് ദിവസം എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിൽ വിട്ടു. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്നാണ് എൻഫോഴ്സ്മെന്റ് ആരോപിക്കുന്നത്. ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചുവെന്നും അവർ പറഞ്ഞു.
ജില്ലാകോടതി അവധിയാണെങ്കിലും കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ശിവശങ്കറിന്റെ കേസ് പരിഗണിച്ചത്. എൻഫോഴ്സ്മെന്റ് അദ്ദേഹത്തെ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടു. തനിക്ക് ഗുരുതരമായ നടുവേദനയുണ്ടെന്ന് ശിവശങ്കർ കോടതിയെ അറിയിച്ചു. ഇക്കാര്യം ശിവശങ്കർ ജഡ്ജിക്ക് സമീപം എത്തി സംസാരിച്ചു. തുടർച്ചയായ ചോദ്യം ചെയ്യാൻ പാടില്ലെന്നും രണ്ട് മണിക്കൂർ കൂടുന്പോൾ കിടക്കാൻ അനുവദിക്കണമെന്നും ആയുർവേദ ചികിൽസ ഉറപ്പാക്കണം അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.