ശബരിമലയിൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിച്ചത് വിജയമെന്ന് ദേവസ്വം ബോർഡ്

പന്പ: ശബരിമലയിൽ തുലാമാസ പൂജകൾക്ക് നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിച്ചത് വിജയമെന്ന് ദേവസ്വം ബോർഡ്. മണ്ഡല മകര വിളക്ക് കാലത്തിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് തീർത്ഥാടകരെ തുലാമാസ പൂജകൾക്ക് പ്രവേശിപ്പിച്ചത്. പരീക്ഷണം വിജയിച്ചതോടെ അടുത്ത് തീർത്ഥാടന കാലം കാര്യക്ഷമമാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ ആയിരുന്നു അഞ്ച് ദിവസത്തെ ശബരിമല ദർശനം അനുവദിച്ചത്. ഈ ദിവസങ്ങളിൽ എത്തിയവരിൽ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിവസം 250 പേർക്ക് ദർശനത്തിന് അനുമതി ഉണ്ടായിരുന്നെങ്കിലും 200 ൽ താഴെ ആളുകൾ മാത്രമാണ് സന്നിധാനത്തെത്തിയത്. സന്നിധാനത്തെത്തിയവരിൽ എൺപത് ശതമാനവും ഇതര സംസ്ഥാനക്കാരാണ്.