രാജ്യാന്തര ചലച്ചിത്രമേള വേണ്ടിവന്നാൽ ഓൺലൈൻ സാധ്യത പരിഗണിക്കുമെന്ന് മന്ത്രി ബാലൻ
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള സാധാരണ രീതിയിൽ നടത്താനായില്ലെങ്കിൽ ഓൺലൈനായി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ. മേളയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഡിസംബറിൽ നടത്താനായില്ലെങ്കിൽ അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു സാധിച്ചില്ലെങ്കിലാണ് ഓൺലൈൻ മേള പരിഗണിക്കുകയെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന ടെലിവിഷൻ അവാർഡിനുള്ള എൻട്രികളും സ്വീകരിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേള ആഗസ്റ്റ് 21 മുതൽ 28 വരെ ഓൺലൈനായി നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

