എറണാകുളത്ത് നിയന്ത്രണം കർശനമാക്കി : അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസ്
എറണാകുളം: എറണാകുളത്ത് പൊലീസ് പരിശോധന കർശനമാക്കി. പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡ് സ്ഥാപിക്കുകയാണ്. കൊച്ചിയിലെ പ്രധാന റോഡായ എംജി റോഡിൽ ഒരു വരിയിലൂടെ മാത്രമേ വാഹനം കടത്തി വിടുന്നുള്ളു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്നുണ്ട്.
എറണാകുളം ജനറൽ ആശുപത്രി പരിസരത്തും, ചെല്ലാനത്തും കർശന ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രി പരിസരത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചത്. ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെ 76 ജീവനക്കാർ നിരീക്ഷണത്തിൽ പ്രവേശിച്ചു. ആശുപത്രിയിൽ സന്ദർശക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
ചെല്ലാനത്ത് മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രദേശത്തും അതീവ ജാഗ്രതയുണ്ട്. കണ്ടെയ്ൻമെന്റ് സോണിന്റെ പരിധി വർധിപ്പിക്കുമെന്നും കൂടുതൽ മത്സ്യത്തൊഴിലാളികളുടെ സ്രവ സാന്പിളുകൾ ശേഖരിക്കുമെന്നും അധികൃതർ പറഞ്ഞു. ചെല്ലാനത്തെ കൊവിഡ് രോഗിയുടേത് വിപുലമായ സന്പർക്ക പട്ടികയാണ്. രോഗ ഉറവിടം സംബന്ധിച്ച് അവ്യക്തത തുടരുന്നത് ആശങ്ക കൂട്ടുന്നുണ്ട്.
വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ച എറണാകുളം മാർക്കറ്റ് കേന്ദ്രീകരിച്ച് 132 സാന്പിളുകൾ ശേഖരിച്ചു. എറണാകുളത്തെ ചന്പക്കര മാർക്കറ്റിൽ പൊലീസ് ഇന്ന് രാവിലെ മിന്നൽ പരിശോധന നടത്തി. ജില്ലയിൽ കൊവിഡ് രോഗവ്യാപനം വർധിച്ചതോടെയാണ് കർശന നടപടികളുമായി ജില്ലാ ഭരണകൂടവും പൊലീസും കൊച്ചി നഗരസഭയും രംഗത്തെത്തിയത്. ചമ്പക്കര മാർകറ്റിൽ പുലർച്ചെ അഞ്ചരയ്ക്ക് കോർപറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. പിന്നാലെ ഡിസിപി ജി പൂങ്കുഴലിയും എത്തി. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും മാർക്കറ്റിൽ നിന്ന 30ൽ അധികം പേരെ കസ്റ്റഡിയിൽ എടുത്തു. മാനദണ്ഡം പാലിക്കാതെ കച്ചവടം നടത്തിയ കടകൾ അടപ്പിക്കുകയും ചെയ്തു.

