ജോസ് കെ മാണി വിഭാഗത്തിന് നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം ഒമ്പത് സീറ്റുകൾ വാഗ്ദാനം ചെയ്തതായി സൂചന
കോട്ടയം: യുഡിഎഫിൽ നിന്ന് പുറത്താക്കിയ ജോസ് കെ മാണി വിഭാഗത്തിന് നിയമസഭ തെരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റുകൾ സിപിഎം വാഗ്ദാനം ചെയ്തതായി സൂചന. മുതിർന്ന സിപിഎം നേതാവ് കോട്ടയത്തെത്തി ചർച്ച നടത്തിയതായാണ് ലഭിക്കുന്ന വിവരങ്ങൾ. മാണി സി കാപ്പനെ രാജ്യസഭയിലെത്തിച്ചുകൊണ്ട് ജോസ് കെ മാണിയുടെ മുന്നണിപ്രവേശനത്തിന് വഴിതെളിക്കാനാണ് സിപിഎം നീക്കം. സ്കറിയാ തോമസ് വിഭാഗവുമായി ലയിക്കണമെന്ന നിർദേശമാണ് സിപിഎം മുന്നോട്ടുവെച്ചത്.
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിൽ കഴിഞ്ഞ ദിവസം ആശങ്കയറിയിച്ച പാലാ എംഎൽഎ മാണി സി കാപ്പൻ ഇന്ന് ജോസ് കെ മാണിയുടെ വരവിനെ സ്വാഗതം ചെയ്യുന്നതായി പ്രതികരിച്ചു. അതേസമയം പാലാ സീറ്റ് താൻ ജയിച്ചതാണെന്നും അത് വിട്ടുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിച്ച സീറ്റ് വിട്ടുകൊടുക്കുന്ന പാരമ്പര്യം എൽഡിഎഫിന് ഇല്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
ജോസ് കെ മാണിയുടെ പാർട്ടിയെ എൽഡിഎഫിൽ എടുക്കുന്നതുസംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്ന് മുന്നണി കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് ചർച്ച ചെയ്തു അഭിപ്രായം രൂപീകരിച്ചശേഷമേ ഇക്കാര്യം പറയാൻ പറ്റൂ. ജോസ് വിഭാഗവും നിലപാട് വ്യക്തമാക്കണമെന്ന് എ വിജയരാഘവൻ പറഞ്ഞു.

