ജോസ് വിഭാഗം വരുന്നത് കൊണ്ട് എൽഡിഎഫിന് ഗുണമൊന്നുമില്ല: കാനം രാജേന്ദ്രൻ
കോട്ടയം: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം വന്നതുകൊണ്ട് എൽഡിഎഫിന് പ്രത്യേകിച്ച് ഗുണമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് കെ മാണി വിഭാഗത്തിന്റെ സ്വാധീനം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പാലായിൽ തെളിയിച്ചതാണ്. ക്രൈസ്തവ വോട്ടുകൾ ആരുടെയും കൈയിലല്ല. ആർക്കും കുത്തക അവകാശപ്പെടാൻ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കഴിയില്ലെന്നും കാനം പറഞ്ഞു.
അതേസമയം, മുന്നണി പ്രവേശനത്തിൽ നിലവിൽ ചർച്ച നടന്നിട്ടില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കും. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമാണിത്. കേരളാ കോൺഗ്രസ് അടിത്തറയുള്ള പ്രസ്ഥാനമാണ്. എല്ലാവർക്കും അറിയാവുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടത്തിയിട്ടില്ല. ഇപ്പോൾ സംഘടനയെ ബലപ്പെടുത്തി മുന്നോട്ടുപോകും. കേരളാ കോൺഗ്രസ് എം സുരക്ഷിതമാണ്. ഒരു രാഷ്ട്രീയ നിലപാടും എടുത്തിട്ടില്ല. മുന്നണികൾ അവരുടെ അഭിപ്രായം പറയുന്നു എന്നുമാത്രം. അത് കേരളാ കോൺഗ്രസിന് കരുത്തുണ്ടെന്ന് മനസിലായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

