കൊവിഡിനെ സുവർണാവസരമായി കണ്ട് സർക്കാർ അഴിമതി നടത്തുന്നു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കൊവിഡിനെ സുവർണാവസരമായി കണ്ട് സർക്കാർ അഴിമതി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നാട് കൊവിഡ് മഹാമാരിയെ നേരിടുന്പോൾ ഒരുമിച്ച് നിൽക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ദുരന്തത്തെ നേരിടുന്ന കാര്യത്തിൽ സർക്കാരുമായി സഹകരിക്കും. ഇതിനെ സുവർണാവസരമായി കണ്ടുകൊണ്ട് ആരും ഒന്നും ചോദിക്കില്ലെന്ന് കരുതി അഴിമതി നടത്തുകയാണ്. ഇത് പ്രതിപക്ഷം ചൂണ്ടിക്കാണിക്കും. കണ്ണൂംപൂട്ടിയിരിക്കണമെന്നാണോ മുഖ്യമന്ത്രി പറയുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
സർക്കാർ എല്ലാത്തിനും കൺസൾട്ടൻസികളെ ഏൽപ്പിക്കുകയാണ്. മുഖ്യമന്ത്രിക്ക് താത്പര്യമുള്ള ലണ്ടൻ ആസ്ഥാനമായുള്ള പിഡബ്ല്യുസിയുടെ ഓഫീസ് സെക്രട്ടേറിയറ്റിൽ തുറക്കാനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്. ട്രാൻസ്‌പോർട്ട് മന്ത്രി ഒപ്പിട്ടാൽ മാത്രം മതി. സെക്രട്ടേറിയറ്റിൽ നിലവിലുള്ള അസിസ്റ്റന്റുമാർ ഇത്തരം ജോലികൾ സമയബന്ധിതമായി നടപ്പിലാക്കാൻ കഴിയാത്തവരാണെന്നാണ് ട്രാൻസ്‌പോർട്ട് വകുപ്പ് സെക്രട്ടറിയുടെ കുറിപ്പിൽ വ്യക്തമാക്കുന്നത്. പിഡബ്യുസിയുടെ ഒരു ഓഫീസ് സെക്രട്ടേറിയറ്റിൽ തുറക്കണമെന്ന ഫയൽ ഒരു വർഷം മുന്‍പാണ് എത്തിയത്. അതിന് ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പിഡബ്ല്യൂസിയുടെ നാല് ഉദ്യോഗസ്ഥരായിരിക്കും ഈ ഓഫീസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.

