പ്രവാസികളുടെ വരവ് എങ്ങനെ മുടക്കാമെന്ന് സർക്കാർ ഗവേഷണം നടത്തുന്നു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സർക്കാർ പ്രവാസികളോട് ക്രൂരത കാട്ടുന്നുവെന്നും പ്രവാസികളോടുള്ള സർക്കാരിന്‍റെ നിലപാട് മനുഷ്യത്വരഹിതമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികളുടെ വരവ് എങ്ങനെ മുടക്കാമെന്ന് സർക്കാർ ഗവേഷണം നടത്തുകയാണ്. ഗൾഫിലുള്ള മലയാളികളോട് സർക്കാർ എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് മനസിലാകുന്നില്ല. പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചതും നിഷേധാർഹമായ നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു.
നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികൾ റാപ്പിഡ് ടെസ്റ്റ് നടത്തിയാൽ മതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഖത്തർ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ല. നാട്ടിലേക്കു മടങ്ങുവാൻ ആഗ്രഹിച്ചവർക്ക് ചാർട്ടേഡ് വിമാന സൗകര്യമൊരുക്കി നൽകിയ പ്രവാസി സംഘടനകളെ അഭിനന്ദിക്കുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

