ബിഎസ്എല്ലിൽ ചൈനീസ് ഉപകരണങ്ങൾ വേണ്ടെന്ന് വയ്ക്കാൻ കേന്ദ്ര നീക്കം
ന്യൂഡൽഹി: ചൈനീസ് ഉത്പന്നങ്ങൾക്കു വിലക്കേർപ്പെടുത്താൻ നീക്കവുമായി കേന്ദ്ര സർക്കാർ. 4ജി എക്യുപ്മെന്‍റ്സ് നവീകരണത്തിൽ ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് ബിഎസ്എല്ലിനോട് ആവശ്യപ്പെടാൻ ടെലികോം വകുപ്പ് നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്നു ബിഎസ്എല്ലിനോട് കർശനമായി നിർദേശിക്കാൻ മന്ത്രാലയം തീരുമാനിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതുസംബന്ധിച്ച് ടെൻഡർ പുനർനിർമിക്കാനും വകുപ്പ് തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
ചൈനീസ് സ്ഥാപനങ്ങൾ നിർമിക്കുന്ന ഉപകരണങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കാൻ സ്വകാര്യ ഓപ്പറേറ്റർമാരോട് ആവശ്യപ്പെടുന്നതും സർക്കാരിന്‍റെ പരിഗണനയിലുണ്ട്. ഭാരതി എയർടെൽ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ ടെലികോം കന്പനികൾ ചൈനീസ് കന്പനിയായ വാവേയുമായി ചേർന്നാണു പ്രവർത്തിക്കുന്നത്. ഇതു പരിഗണിച്ചാണു കേന്ദ്രത്തിന്‍റെ നീക്കം. ചൈനീസ് ബന്ധമുള്ള 55 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ രഹസ്യാന്വേഷണ വിഭാഗങ്ങൾ ശിുപാർശ ചെയ്തതിനു പിന്നാലെയാണ് സർക്കാർ പുതിയ നീക്കം നടത്തുന്നത്. സൂം, ടിക് ടോക്ക്, യുസി ബ്രൗസർ, ഷെയർ ഇറ്റ് തുടങ്ങി ജനപ്രിയമായ ആപ്പുകളുടെ ഉപയോഗം നിർത്താൻ ജനങ്ങളെ സർക്കാർ ഉപദേശിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഇന്‍റലിജൻസ് ഏജൻസികളുടെ ശിുപാർശ ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയേറ്റ് പിന്തുണച്ചുവെന്നാണ് വിവരം. ചൈനീസ് ആപ്ലിക്കേഷനായ സൂമിന്‍റെ ഉപയോഗം നിയന്ത്രിക്കാൻ ഏപ്രിലിൽ സൈബർ സെക്യൂരിറ്റി ഏജൻസിയായ സെർട്ട് നിർദേശിച്ചിരുന്നു.

