കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു
കണ്ണൂർ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കണ്ണൂർ സ്വദേശിയായ എക്സൈസ് ഡ്രൈവർ സുനിൽ(28) ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഇദ്ദേഹം. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 21 ആയി. സുനിലിന് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താൻ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചതായി ഡി.എം.ഒ അറിയിച്ചിരുന്നു.
പൂർണ ആരോഗ്യവാനായിരുന്നു സുനിൽ. മൂന്നു ദിവസം മുന്പാണ് സുനിൽകുമാറിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് മുതൽ സുനിൽകുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.
ഈ മാസം മൂന്നാം തിയ്യതി അബ്ക്കാരി കേസിൽ അറസ്റ്റിലായ പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് വേണ്ടി ഡ്രൈവർ ജില്ല ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് പ്രതിയുമായി തോട്ടടയിലെ സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിലും ഇദ്ദേഹം എത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.

