പൊലീസുകാരനെ മർദ്ദിച്ച സംഭവം: എ.ഡി.ജി.പിയുടെ മകളുടെ പരാതി തള്ളി അഡ്വക്കേറ്റ് ജനറൽ

തിരുവനന്തപുരം: പൊലീസുകാരനെ തല്ലിയ സംഭവത്തിൽ എ.ഡി.ജി.പിയുടെ മകൾക്കെതിരെ അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകി. എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ദ, പൊലീസുകാരൻ ഗവാസ്കറിനെ തല്ലിയ കേസിലാണ് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചത്. ഗവാസ്കർ കയ്യിൽ കയറിപ്പിടിച്ചെന്ന സ്നിഗ്ദയുടെ പരാതി നിലനിൽക്കില്ലെന്ന നിയമോപദേശമാണ് എ.ജി സമർപ്പിച്ചത്. അതേസമയം മേലുദ്യോഗസ്ഥന്റെ മകൾ മർദിച്ചെന്ന ഗവാസ്കറിന്റെ പരാതി സാധുതയുള്ളതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയും തനിക്കെതിരായ വ്യാജപരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്കറും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
2018 ജൂൺ 14ന് തിരുവനന്തപുരം കനകക്കുന്നിന് മുന്പിൽ വച്ചാണ് പൊലീസുകാരനായ ഗവാസ്കറിനെ സ്നിഗ്ദ മർദിച്ചത്. മർദ്ദനം, അസഭ്യം പറയൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സ്നിഗ്ദയ്ക്കെതിരെ കേസെടുത്തത്. യുവതിയുടെ പരാതിയിൽ ഗവാസ്കറിനെതിരെ അസഭ്യം പറയൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങീ കുറ്റങ്ങളിൽ കേസെടുത്തു. കൂടാതെ പിന്നാക്ക ജാതിയിൽപ്പെട്ട എ.ഡി.ജി.പിയുടെ കുടുംബത്തെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായും തന്റെ കായിക പരിശീലകയോട് ഗവാസ്കർ മോശമായി പെരുമാറിയതായും സ്നിഗ്ദ മൊഴി നൽകി.
കേസ് അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ക്രൈംബ്രാഞ്ചിന് രണ്ടുമാസം മുന്പ്് നിർദ്ദേശം നൽകിയിരുന്നു. ഗവാസ്കറിന്റെ ഭാര്യ നൽകിയ പരാതിയിലായിരുന്നു കമ്മീഷൻ ഇടപെടൽ.