അർണബ് ഗോസ്വാമിക്കെതിരായ കേസ് പുനരന്വേഷിക്കും


മുംബൈ: മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിക്കെതിരായ ആത്മഹത്യാ പ്രേരണാക്കേസ് പുനരന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാർ. സംസ്ഥാന സിഐഡി വകുപ്പിനാണ് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ഇതു സംബന്ധിച്ച് ചൊവ്വാഴ്ച നിർദേശം നൽകിയത്. 2018-ൽ ഇന്‍റീരിയർ ഡിസൈനർ അൻവയ് നായിക്കും അദ്ദേഹത്തിന്‍റെ അമ്മ കുമുദ് നായിക്കും ആത്മഹത്യ ചെയ്ത സംഭവത്തിൽ അർണബ് ഗോസ്വാമിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിന്‍റെ കാലത്ത് തുടർനടപടികളുണ്ടായില്ല. ഇതേതുടർന്ന് അൻവയ് നായിക്കിന്‍റെ മകൾ നടത്തിയ അഭ്യർത്ഥനയിലാണ് പുനരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

അൻവയ് നായിക്കിന്‍റെ മരണത്തിൽ അർണബ് ഗോസ്വാമിക്കും മറ്റു രണ്ടുപേർക്കുമെതിരേ അലിഭാഗ് പോലീസ് കേസെടുത്തിരുന്നു. എന്നാൽ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി പിന്നീട് പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. കോണ്‍കോർഡ് ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയുടെ എംഡിയായിരുന്നു അൻവയ് നായിക്. അർണബ് ഗോസ്വാമിയും ഫിറോസ് ഷെയ്ഷ്, നിതീഷ് സാർധ എന്നിവരും ചേർന്ന് തന്‍റെ കൈയിൽനിന്ന് 5.4 കോടി രൂപ വാങ്ങിയിരുന്നുവെന്ന് അൻവയ് നായിക് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. അർണബിന്‍റെ റിപ്പബ്ലിക് സ്റ്റുഡിയോ ഡിസൈൻ ചെയ്ത വകയിൽ അർണാബ് ഗോസ്വാമി നൽകാനുള്ള 83 ലക്ഷം രൂപ നൽകിയില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.

You might also like

  • Straight Forward

Most Viewed