ജിഎസ്ടി കുടിശികയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന സർക്കാർ


ആലപ്പുഴ: ‌‌ജിഎസ്ടി കുടിശികയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന സർക്കാർ. ജിഎസ്ടി നഷ്ടപരിഹാരം എന്ന് നൽകുമെന്ന് കേന്ദ്രസർക്കാർ പറയാത്തത് നിഷേധാത്മക സമീപനമാണ്. കേരളം ഒത്തുതീർപ്പിനില്ലെന്നും ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഫെഡറൽ സംവിധാനത്തെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും തോമസ് ഐസക് ആരോപിച്ചു. സംസ്ഥാനങ്ങളുടെ അവകാശങ്ങളെല്ലാം കവർന്നെടുക്കുന്ന നിയമങ്ങളാണ് കേന്ദ്രം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ജിഎസ്ടി കൗൺസിൽ ഉടൻ വിളിക്കണം. അതിന് പാർലമെന്‍റ് സമ്മേളനം തീരുംവരെ കാത്തിരിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.‌‌ ജിഎസ്ടി നഷ്ട പരിഹാരം ഉടന്‍ നല്‍കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു. തോമസ് ഐസക്കിനു വേണ്ടി കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്താണ് ചർച്ചയിൽ പങ്കെടുത്തത്. വിഷയങ്ങൾ പരിഗണിക്കാൻ പാര്‍ലമെന്‍റ് സമ്മേളനത്തിനു ശേഷം ജിഎസ്ടി കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാമെന്നായിരുന്നു കേന്ദ്രധനമന്ത്രിയുടെ ഉറപ്പ്. ഓഗസ്റ്റ്−സെപ്റ്റംബർ മാസങ്ങളിലെ ജിഎസ്ടി നഷ്ട പരിഹാരമായി കേരളത്തിന് 1600 കോടിയുള്‍പ്പെടെ 3000 കോടി രൂപയാണ് ലഭിക്കാനുള്ളത്. ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം സര്‍ക്കാരുകള്‍ തമ്മിലുള്ള ഒരു തർ‍ക്കമായി കുടിശിക നൽകാതിരിക്കുന്നത് വ്യാഖ്യാനിക്കപ്പെടുമെന്ന് തോമസ് ഐസക് ട്വീറ്റിൽ സൂചിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed