ഷഹലയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ സഹപാഠികള്‍ക്ക് പി.ടി.എയുടെ ഭീഷണി; അദ്ധ്യാപകരെ മാറ്റണമെന്ന് ഷഹലയുടെ അമ്മ
ബത്തേരി: വയനാട് ബത്തേരിയില്‍ സ്‌കൂളിലെ ക്ലാസ്സ്മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിയായ ഷഹല ഷെറിന്‍ മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. അധ്യാപകര്‍ക്കും പിടിഎ ഭാരവാഹികള്‍ക്കും ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്കുമെതിരെയാണ് കൂടുതല്‍ പ്രതിഷേധം. ഇപ്പോള്‍ ഷഹലയ്ക്ക് വേണ്ടി ധീരമായി കാര്യങ്ങള്‍ തുറന്ന് പറഞ്ഞ സഹപാഠികളെ പിടിഎ ഭാരവാഹികള്‍ ഭീഷണിപ്പെടുത്തുന്നതായാണ് വിവരം. സ്‌കൂളിലെ അധ്യാപകരെ മാറ്റിയില്ലെങ്കില്‍ കുട്ടികള്‍ക്ക് തുടര്‍ന്ന് പഠിക്കാനാകില്ലെന്ന് ഷഹലയുടെ അമ്മ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചവരെയും പ്രതിഷേധിച്ചവരെയും പിടിഎ ഭാരവാഹികള്‍ തിരുത്താന്‍ ശ്രമിച്ചുവെന്ന് കുട്ടികള്‍ പറയുന്നുണ്ട്. ബാലാവകാശ കമ്മീഷനില്‍ തെളിവ് നല്‍കാന്‍ എത്തിയവരെ ചിലര്‍ ഭീഷണിപ്പെടുത്തി. കുട്ടികളെ തുടര്‍ന്ന് അവിടെ പഠിപ്പിക്കാന്‍ ഭയമാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞുവെന്നു ഷഹലയുടെ അമ്മ പറയുന്നു. ഒന്നുകില്‍ കുട്ടികളെ അവിടെ നിന്ന് മാറ്റുക അല്ലെങ്കില്‍ അധ്യാപകരെ മാറ്റുകയെന്നും ഷഹലയുടെ ബന്ധുക്കളും പറയുന്നു.

