ഭാര്യയെ കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊന്ന് ഭർത്താവ് കാറിൽ കടന്നു
കുണ്ടറ: ഭാര്യയെ കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം ഭർത്താവ് കാറിൽ കടന്നു കളഞ്ഞു. മുളവന കശുവണ്ടി ഫാക്ടറി ജംക്ഷൻ ചരുവിള പുത്തൻവീട്ടിൽ പഞ്ചായത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ മോഹനന്റെയും ബ്യൂട്ടീഷ്യനായ ബിന്ദുവിന്റെയും ഏകമകൾ കൃതി മോഹൻ (25) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് കൊല്ലം കോളേജ് ജംക്ഷൻ എം.ആർ.എ 12 ബി ദേവിപ്രിയയിൽ വൈശാഖ് ബൈജു (28) ആണ് കാറിൽ രക്ഷപ്പെട്ടത്. ഇയാൾ പിന്നീട് കുണ്ടറ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണു സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കൃതി മോഹൻ നാലു വർഷം മുൻപു തലച്ചിറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. അതിൽ മൂന്നു വയസുള്ള മകളുണ്ട്. പിന്നീട് ഭർത്താവുമായി പിണങ്ങി വിവാഹബന്ധം വേർപെടുത്തി. കുടുംബസുഹൃത്തു വഴി വൈശാഖിന്റെ ആലോചന വന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിനു വൈശാഖുമായുള്ള വിവാഹം നടന്നു. വൈശാഖിന്റേത് ആദ്യ വിവാഹമാണ്. ഗൾഫിലേക്കു പോയ വൈശാഖ് ഒരു മാസം കഴിഞ്ഞു മടങ്ങി. ഇതര സംസ്ഥാനങ്ങളിൽ പ്രഫഷനൽ കോഴ്സുകൾക്കു പ്രവേശനം നേടി കൊടുക്കുന്ന ഏജന്റായി പ്രവർത്തിക്കുകയായിരുന്നു.

