അങ്കണവാടികള്‍ വഴി ഇനി മില്‍മയുടെ യു.എച്ച്.ടി. പാല്‍ നൽകാൻ തീരുമാനമായി


തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഗുണഭോക്താക്കൾക്ക് മിൽമയുടെ യു.എച്ച്.ടി. (Ultra-high temperature processing) പാൽ നൽകാൻ തീരുമാനമായി. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചതാണിത്. മിൽമ വഴിയാണ് അങ്കണവാടികളിൽ യു.എച്ച്.ടി. മിൽക്ക് വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടികൾ വഴി പാൽ വിതരണം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ സപ്ലിമെന്ററി ന്യൂട്രീഷ്യൻ പ്രോഗ്രാമിന്റെ കീഴിലായിരിക്കും ഇത് നടപ്പിലാക്കുക. ഈ പരിപാടിയുടെ ഭാഗമായി പഞ്ചായത്തുകൾക്ക് തുക അനുവദിക്കുന്നതാണ്. 180 മില്ലിലിറ്റർ ഉൾക്കൊള്ളുന്ന പാക്കറ്റുകളിലാണ് യു.എച്ച്.ടി മിൽക്ക് എത്തുന്നത്. അൾട്രാ പാസ്ചറൈസേഷൻ ഫുഡ് പ്രോസസ് ടെക്നോളജി ഉപയോഗിച്ച് നിർമ്മിക്കുന്ന യു.എച്ച്.ടി. മിൽക്ക് 135 ഡിഗ്രി ഊഷ്മാവിലാണ് സംസ്കരിക്കുന്നത്. റെഫ്രിജറേറ്ററിന്റെ ആവശ്യമില്ലാതെ സാധാരണ ഊഷ്മാവിൽ മൂന്ന് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. തിളപ്പിക്കാതെ തന്നെ ഉപയോഗിക്കാൻ കഴിയുന്ന അണുവിമുക്തമായ പാലാണിത്. അതിനാൽ തന്നെ അങ്കണവാടികളിൽ ഉപയോഗിക്കാൻ ഇത് ഏറെ സൗകര്യപ്രദമാണെന്നും മന്ത്രി വ്യക്തമാക്കി.

You might also like

  • Straight Forward

Most Viewed