മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമയുടെ ആത്മഹത്യ: വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കു നിവേദനം നൽകി


കൊല്ലം: കിളികൊല്ലൂർ രണ്ടാംകുറ്റി പ്രിയദർശിനി നഗർ കിലോൻതറയിൽ ഫാത്തിമ ലത്തീഫ് (18) മദ്രാസ് ഐ.ഐ.ടി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ  വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കൾ മുഖ്യമന്ത്രിക്കു നിവേദനം നൽകി. ഫാത്തിമയുടെ മൊബൈൽ ഫോണിൽ, ‘അദ്ധ്യാപകനായ സുദർശൻ പത്മനാഭനാണു മരണത്തിന് ഉത്തരവാദിയെന്ന്’ രേഖപ്പെടുത്തിയിട്ടുണ്ടെന്നു മേയർ വി.രാജേന്ദ്രബാബു, ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ്, ഷൈ‍ൻ ദേവ് എന്നിവർ പറഞ്ഞു. തമിഴ്നാട് പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ല. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന് ഉൾപ്പെടെ പരാതി നൽകും. നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.

ഫാത്തിമയുടെ മരണവിവരം അറിഞ്ഞു മേയർ ഉൾപ്പെടെ ചെന്നൈയിൽ എത്തിയെങ്കിലും ഹോസ്റ്റൽ വാർഡൻ ഒഴികെ അധ്യാപകരോ വിദ്യാർഥികളോ ആശുപത്രിയിൽ എത്തിയില്ല. പോസ്റ്റ്മോർട്ടം, മടങ്ങി വരുന്നതിനുള്ള ടിക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തത് കോളേജ് അധികൃതർ ചുമതലപ്പെടുത്തിയ ഏജൻസിയുടെ ചുമതലയിലാണ്. 
സഹപാഠികളും അദ്ധ്യാപകരും പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. വിദ്യാർത്ഥികൾ അദ്ധ്യാപകരെ ഭയന്നിട്ടെന്ന പോലെയാണ് സംസാരിച്ചത്. ഫാത്തിമയുടെ മൊബൈൽ ഫോൺ വീട്ടുകാർ  ആവശ്യപ്പെട്ടെങ്കിലും ആദ്യം പോലീസ് നൽകിയില്ല. പിന്നീടു മൊബൈൽ ഫോൺ വാങ്ങി നോക്കിയപ്പോഴാണു സുദർശൻ പത്മനാഭന് എതിരെയുള്ള പരാമർശം കണ്ടത്. ഫോൺ നശിപ്പിച്ചു തെളിവ് ഇല്ലാതാക്കുമോ എന്ന് ആശങ്കയുണ്ട്.
കഴിഞ്ഞ വർഷം മദ്രാസ് ഐ.ഐ.ടിയിൽ കൊല്ലം മുണ്ടയ്ക്കൽ സ്വദേശി ഉൾപ്പെടെ 6 വിദ്യാർത്ഥികൾ ജീവനൊടുക്കിയിരുന്നു. അതിനു മുൻപു രണ്ട് വർഷങ്ങളിലായി  ഏഴ് വിദ്യാർത്ഥികളാണിങ്ങനെ മരിച്ചത്. ചില അദ്ധ്യാപകരുടെ ഭാഗത്തുനിന്നുള്ള പീഡനമാണു കാരണമെന്ന് അബ്ദുൽ ലത്തീഫ് ആരോപിച്ചു. 
മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണു കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത്. അദ്ധ്യാപകരുടെ മാനസിക പീഡനം മൂലമാണു പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണു കുടുംബത്തിന്റെ ആരോപണം. കുറ്റക്കാരായ അദ്ധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണു തമിഴ്നാട് പോലീസ് സ്വീകരിക്കുന്നത്. 
 

You might also like

  • Straight Forward

Most Viewed