കാറും ജെൻറം ലോ ഫ്ളോർ എ.സി ബസും കൂട്ടിയിടിച്ച് യുവദമ്പതികൾ മരിച്ചു


തിരുവനന്തപുരം: ദേശീയപാതയിൽ പാരിപ്പള്ളി മുക്കടയ്ക്ക് സമീപം ദമ്പതികൾ സഞ്ചരിച്ച കാറും ജെൻറം ലോ ഫ്ളോർ എ.സി ബസും കൂട്ടിയിടിച്ച് സർക്കാർ ഉദ്യോഗസ്ഥരായ യുവദമ്പതികൾ മരിച്ചു. കാർ യാത്രികരായ നെയ്യാറ്റിൻകര ഊരൂട്ടുകാല തിരുവോണത്തിൽ രാഹുൽ എസ്. നായർ (30), ഭാര്യ ആയൂർ, തേവന്നൂർ സൗമ്യ നിവാസിൽ സൗമ്യ (28) എന്നിവരാണ് മരിച്ചത്. രാഹുൽ പൊതുമരാമത്ത് വകുപ്പിൽ നെയ്യാറ്റിൻകര കാഞ്ഞിരംകുളം ഒാഫീസിലെ ഓവർസിയറും സൗമ്യ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിയുമാണ്. ഇന്നലെ രാവിലെ 10.30ന് കൊല്ലം ഭാഗത്തേക്കു പോയ ഇവരുടെ കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യവേ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. ഇരുവരെയും നാട്ടുകാർ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗമ്യയുടെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മയ്യനാട്ടേക്ക് പോകുകയായിരുന്നു ദമ്പതികൾ. 

article-image

ഏക മകൾ ഒന്നര വയസുള്ള ഇഷ്യാനയെ നെയ്യാറ്റിൻകരയിലെ വീട്ടിൽ നിറുത്തിയിട്ടാണ് ഇരുവരും മയ്യനാട്ടേക്ക് യാത്രതിരിച്ചത്. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ബസ് കണ്ടക്ടർ ബിനു ഗോപാലകൃഷ്ണന് കൈക്ക് പരിക്കേറ്റത് ഒഴിച്ചാൽ ബസിലുള്ള മറ്റാർക്കും പരിക്കില്ല. പാരിപ്പള്ളി പോലീസ് കേസ് എടുത്തു. മൃതദേഹങ്ങൾ ഇന്നലെ രാത്രി എട്ടരയോടെയാണ് രാഹുലിന്റെയും സൗമ്യയുടെയും മൃതദേഹം ഊരാട്ടുകാലായിലെ വീട്ടില്‍ എത്തിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed