മഞ്ചക്കണ്ടി ഏറ്റുമുട്ടലിന് പിന്നിലെ പോലീസ് പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി


കൊച്ചി: മഞ്ചക്കണ്ടി ഏറ്റുമുട്ടലിന് പിന്നിലെ പോലീസ് പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഏറ്റുമുട്ടലിന് തണ്ടർബോൾട്ട് സേന ഉപയോഗിച്ച ആയുധങ്ങൾ ഉടൻ വിദഗ്ധ പരിശോധന നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. കൂടാതെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം സംസ്കരിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. മണിവാസകം, കാർത്തി എന്നിവരുടെ മൃതദേഹമാണ് സംസ്കരിക്കാൻ അനുമതി നൽകിയത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ ഉദ്യോഗസ്ഥർക്കാണ് ഏറ്റുമുട്ടലിലെ പോലീസ് പങ്ക് അന്വേഷിക്കണമെന്ന നിർദ്ദേശം ഹൈക്കോടതി നൽകിയത്. വിഷയത്തിൽ പോലീസിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളും പരിശോധിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഏതെങ്കിലും കുറ്റകൃത്യം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടോയെന്ന് അന്വേഷണത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരണമെന്നും കോടതി പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി ഏറ്റുമുട്ടലിൽ തണ്ടർബോൾട്ട് സേന ഉപയോഗിച്ച ആയുധങ്ങൾ കസ്റ്റഡിയിലെടുത്ത് ഫോറൻസിക്, ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസങ്ങളായി നടന്ന വെടിവെപ്പിൽ ഉപയോഗിച്ച മുഴുവൻ ആയുധങ്ങളും പരിശോധനയ്ക്ക് അയക്കണമെന്നാണ് നിർദ്ദേശം. പരിശോധനാ ഫലം എത്രയും വേഗ പാലക്കാട് സെഷൻസ് കോടതിയിൽ സമർപ്പിക്കണം. മണിവാസകത്തിന്റെയും കാർത്തിയുടെയും വിരലടയാളങ്ങൾ ശേഖരിച്ചതിന് ശേഷം ആകണം നിയമപ്രകാരം മൃതദേഹങ്ങൾ മറവ് ചെയ്യേണ്ടത്. ഏത് സാഹചര്യത്തിലാണ് വെടിവെപ്പ് നടന്നതെന്നത് സംബന്ധിച്ച ഒരു അഭിപ്രായപ്രകടനവുമായും കോടതിയുടെ ഈ ഉത്തരവിനെ വ്യാഖ്യാനിക്കരുതെന്ന വരിയോടുകൂടിയാണ് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്.
അതേസമയം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം വേണമെന്ന ആവശ്യത്തോട് കോടതി പൂർണമായും യോജിച്ചില്ല. അതിനാലാണ് നിലവിൽ അന്വേഷണം നടത്തുന്ന സംഘത്തോട് ഇക്കാര്യങ്ങളിലും അന്വേഷണം നടത്താൻ കോടതി നിർദ്ദേശിച്ചത്. പിന്നീട് എപ്പോഴെങ്കിലും ഇക്കാര്യത്തിൽ പരാതിക്കാർക്ക് സംശയങ്ങളോ എതിർപ്പുകളോ ഉണ്ടാവുകയാണെങ്കിൽ അപ്പോൾ കോടതിയെ സമീപിക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed