ഡാറ്റാബേസ് കൈമാറ്റത്തിന് അനുമതി നല്‍കിയത് വഴിവിട്ട നീക്കത്തിലൂടെ, ഊരാളുങ്കലിന് തുക നല്‍കിയിട്ടില്ല: ഡി.ജി.പി

തിരുവനന്തപുരം: സംസ്ഥാന പോലീസിന്‍റെ ഡാറ്റാ ബേസ് കോഴിക്കോട്ടെ സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നുകൊടുക്കാനുള്ള അനുമതി വഴിവിട്ട നീക്കത്തിലൂടെ. അനുമതി നല്‍കുന്നതിനെ രണ്ട് വിദഗ്ധ സമിതികള്‍ എതിര്‍ത്തിരുന്നു. ഇത് അവഗണിച്ചാണ് ഡാറ്റാ ബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുത്തത്. ഊരാളുങ്കലിന്‍റെ സാങ്കേതിക വിദ്യ പ്രായോഗികമല്ലെന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. സോഫ്‍റ്റ് വെയറിനായി ഊരാളുങ്കല്‍ നല്‍കിയത് നാല് കോടിയുടെ പദ്ധതി. ആദ്യപടിയായി കേന്ദ്രഫണ്ടില്‍ നിന്ന് 35 ലക്ഷം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഊരാളുങ്കലിന് ഒരു തുകയും നല്‍കിയിട്ടില്ലെന്ന് ഡി.ജി.പി പറഞ്ഞു. പാസ്പോർട്ട് അപേക്ഷാ പരിശോധനയ്ക്കുളള സോഫ്റ്റ്‍വെയറിന്‍റെ നിർമ്മാണത്തിനായി സംസ്ഥാന പോലീസിന്‍റെ ഡാറ്റാ ബേസ് സി.പി.എം നിയന്ത്രണത്തിലുളള കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നു കൊടുക്കണമെന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 29 നാണ് പുറത്തുവന്നത്. അതീവ പ്രധാന്യമുളള ക്രൈം ആന്‍റ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‍വർക് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ കഴിയുന്ന തരത്തിലുള്ള സ്വതന്ത്രാനുമതിയാണ് നൽകിയത്.