പി.എസ്‍.സി പരീക്ഷാ ഹാളിൽ കര്‍ശന നിയന്ത്രണം: മൊബൈലും വാച്ചും നിരോധിക്കും


തിരുവനന്തപുരം: പി.എസ്‍.സി പരീക്ഷാ ഹാളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. പിഎസ്‍സി പരീക്ഷാ ഹാളിൽ മൊബൈൽ ഫോണും വാച്ചും നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇവ കൈവശം വയ്ക്കുന്ന ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കാൻ പി.എസ്‍.സി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ, സ്റ്റേഷനറി വസ്തുക്കൾ, വാച്ച്, പേഴ്സ്, ഭക്ഷ്യവസ്തുക്കൾ എന്നിവ കർശനമായി നിരോധിക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചത്. അൻവർ സാദത്തിന്‍റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തുടർ നടപടികൾ പിഎസ്‍സി സ്വീകരിക്കും. സിവിൽ പോലീസ് ഓഫീസർ പട്ടികയിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് കർശ്ശന നടപടി തീരുമാനിച്ചതെന്നും മുഖ്യമന്ത്രി.
പി.എസ്‍.സി പരീക്ഷ കുറ്റമറ്റതാക്കാൻ എട്ട് ശുപാർ‍ശകളടങ്ങിയ റിപ്പോര്‍ട്ട് ക്രൈംബ്രാ‌‌ഞ്ച് മേധാവി ടോമിൻ തച്ചങ്കരി ഇന്നലെ പി.എസ്‍.സി സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു. പരീക്ഷയ്‍ക്കെത്തുന്നവരുടെ ശരീര പരിശോധന കർശനമാക്കണമെന്നും എല്ലാ പരീക്ഷ ഹാളിലും സിസിടിവിയും മൊബൈൽ ജാമറും സ്ഥാപിക്കണമെന്നും ക്രൈംബ്രാ‌ഞ്ച് ശുപാർശ ചെയ്തിരുന്നു. പിഎസ്‍സി നടത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിൽ കോപ്പിയടിച്ചവർക്ക് ഉയർന്ന റാങ്ക് ലഭിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ ക്രമക്കേടുകള്‍ തടയാനുള്ള ശുപാർശകള്‍ അന്വേഷണ സംഘം തയ്യാറാക്കിയത്. പരീക്ഷ നടപടികളിൽ അടിമുടിമാറ്റം വരുത്തണമെന്നായിരുന്നു ശുപാർ‍ശ.
നിലവിലെ രീതിയനുസരിച്ച് പരീക്ഷാ കേന്ദ്രവും ഇരിക്കുന്ന സീറ്റും ചോദ്യപ്പേറിന്‍റെ കോഡും നമ്പറുമെല്ലാം ഉദ്യോഗാര്‍ത്ഥിക്ക് ഒരുമാസം മുമ്പ് അറിയാൻ സാധിക്കും. ഇത് ക്രമക്കേടിന് വഴിവെക്കുന്നുണ്ട്. അതിനാൽ സീറ്റിംഗിന്‍റെ കാര്യത്തിലുള്‍പ്പെടെ കാലാനുസരണമായ മാറ്റം കൊണ്ടുവരണം. ഒരേ ഹാളിൽ ഇടംപിടിക്കുന്നവർ പരസ്പരം സഹായിച്ച് ലിസ്റ്റിൽ ഇടംപിടിക്കുന്നുവെന്ന ആക്ഷേപമുണ്ട്. ഇത് ഒഴിവാക്കാൻ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസുകള്‍ തിരികെ നൽകുമ്പോള്‍ ചുമതലയുള്ള ഉദ്യോഗസ്ഥൻ സിസിടിവി ഹാർഡ് ഡിസ്ക്കും സീൽ ചെയ്ത് നൽകണം. വാച്ച് ഉള്‍പ്പെടെ ഒരു സാധനങ്ങളും പരീക്ഷ ഹാളിൽ അനുവദിക്കരുത്. അതിനാൽ പരീക്ഷാർത്ഥികളുടെ പരിശോധന നടത്തണം. പേന, ബട്ടണ്‍ എന്നിവടങ്ങളിൽ ക്യാമറ ഇല്ലെന്ന് ഉറപ്പുവരുത്താനാണ് ശരീര പരിശോധന. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed