പി.എസ്.സി പരീക്ഷാ തട്ടിപ്പ്: സഹായം ചെയ്ത മൂന്ന് പോലീസുകാർക്കെതിരെ കേസ്

തിരുവനന്തപുരം: പി.എസ്.സി സിവിൽ പോലീസ് ഓഫിസർ പരീക്ഷയിൽ തട്ടിപ്പ് നടത്തിയവർക്കു സഹായം ചെയ്ത മൂന്നു പോലീസുകാർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. എസ്എപി ക്യാംപിലെ പോലീസുകാരായ ടി.എസ്. രതീഷ്, എബിൻ പ്രസാദ്, ലാലു രാജ് എന്നിവർക്കെതിരെയാണു കേസ്. പരീക്ഷാ തട്ടിപ്പ് നടത്തിയ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവർക്കു യൂണിവേഴ്സിറ്റി കോളജിനടുത്തുള്ള കെട്ടിടത്തിൽനിന്നു മൊബൈൽ വഴി ഉത്തരങ്ങൾ അയച്ചു കൊടുത്ത എസ്എപി ക്യാംപിലെ പൊലീസുകാരൻ ഗോകുലിന്റെ സുഹൃത്തുക്കളാണിവർ. യൂണിവേഴ്സിറ്റി കോളേജ് ക്യാംപസിൽ പരീക്ഷ നടക്കുന്ന സമയത്തും ഉത്തരം അയച്ചു കൊടുത്ത സമയത്തും ഗോകുൽ പേരൂർക്കട ക്യാംപിലെ ഓഫീസിൽ ജോലിയിലാണെന്നു കൃത്രിമ രേഖ ചമച്ചതിനാണ് മൂന്നുപേർക്കെതിരെയും കേസെടുത്തത്. ഗോകുലിനെതിരെയും കേസ് എടുത്തിട്ടുണ്ട്.
പിഎസ്‌സി പരീക്ഷാ കേസ് മൂന്നു പേരിൽ മാത്രമായി അവസാനിപ്പിച്ചിട്ടില്ലെന്നും തുടർ ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും ക്രൈംബ്രാഞ്ച് അധികൃതർ പറയുന്നു. ലിസ്റ്റിൽ ഉൾപ്പെട്ട കുറ്റാരോപിതർ ഒഴികെയുള്ളവർക്കു നിയമനം നൽകുന്നതിൽ എതിരല്ലെന്ന് അറിയിച്ചെങ്കിലും കൂടുതൽ കുറ്റക്കാരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.