ജന്മനാ തലച്ചോറ് ശുഷ്കമായവരുടെ തലമണ്ടയില്‍ കറുത്ത ചായത്തിന്‍റെ മണം മാത്രം'; വിഎസ്


തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായ വിഎസ് അച്യുതാനന്ദന്‍ എന്‍ എസ് എസിനും കെ സുധാകരനും മറുപടിയുമായി രംഗത്തെത്തി. വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്തിന് വേണ്ടി പ്രചാരണത്തിനെത്തിയ വി എസ് ഇന്ന് ഫേസ്ബുക്കിലൂടെയാണ് എതിരാളികള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. എന്‍ എസ് എസിന്‍റെ 'ശരിദൂര'ത്തെ ആദ്യം വിമര്‍ശിച്ച വി എസ്, സുധാകരന്‍റെ ആക്ഷേപത്തിന് അതേ ഭാഷയില്‍ തന്നെയാണ് മറുപടി നല്‍കിയിരിക്കുന്നത്.

ജന്മനാ തലച്ചോറ് ശുഷ്കമായ ചില തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാര്‍ എന്‍റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണെന്നാണ് സുധാകരനുള്ള മറുപടിയായി വി എസ് ഫേസ്ബുക്കില്‍ കുറിച്ചത്. പീഡനക്കേസിലെ തന്നെക്കാള്‍ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ച യുവ വൃദ്ധന്‍റെ ജല്‍പ്പനങ്ങള്‍ക്കല്ല, നാടിന്‍റെ വികസനത്തെക്കുറിച്ചാണ് ജനങ്ങള്‍ കാതോര്‍ക്കുകയെന്നും വറ്റിവരണ്ട തലമണ്ടയില്‍നിന്ന് കറുത്ത ചായത്തിന്‍റെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോയെന്നും വി എസ് വിവരിച്ചു.

ബിജെപിക്കും അവരുടെ ബി ടീമായ യുഡിഎഫിന് ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമില്ലെന്നും അവരുടെ വിഷയം ശബരിമല മാത്രമാണെന്നും വി എസ് അഭിപ്രായപ്പെട്ടു. എന്‍ എസ് എസ്സാണ് പ്രതിപക്ഷത്തിന്‍റെ കച്ചിത്തുരുമ്പെന്ന് ചൂണ്ടികാട്ടിയ വി എസ്, ഏതോ സമുദായ പോപ്പ് പറയുന്നതിനനുസരിച്ച് തുള്ളുന്ന സമുദായങ്ങള്‍ ഇന്നില്ല എന്നെങ്കിലും ഇവര്‍ തിരിച്ചറിയുന്നത് നന്നായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed