കാപ്പാൻ ആഗസ്റ്റ് 30ന് എത്തും
കൊച്ചി: മോഹൻലാൽ-സൂര്യ ചിത്രം കാപ്പാൻ ആഗസ്റ്റ് 30ന് തീയേറ്ററുകളിൽ എത്തും. അതിനിടെ ചിത്രത്തിന്റെ ഓഡിയോ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈ 21 ഞായറാഴ്ച്ചയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തീരുമാനിച്ചിരിക്കുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമ എന്ന കഥാപാത്രത്തെയാണ് കാപ്പാനിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എൻ.എസ്.ജി കമാൻഡോ ആയി സൂര്യയും എത്തുന്നു. ആര്യയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്.
ചെന്നൈ, ഡൽഹി, കുളു മണാലി, ലണ്ടൻ, ന്യൂയോർക്ക്, ബ്രസീൽ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു. 100 കോടി ചിലവിൽ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിർമ്മിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാൻ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കർ കൃഷ്ണമൂർത്തി എന്നിവരാണ് മറ്റ് താരങ്ങൾ.

