രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും
ഗാന്ധിനഗർ: ജുഡീഷൽ കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടം നടത്താൻ ജുഡീഷൽ അന്വേഷണ കമ്മീഷൻ ജസ്റ്റീസ് നാരായണക്കുറുപ്പിന്റെ ഉത്തരവ്. അന്വേഷണത്തിന്‍റെ ഭാഗമായി നെടുങ്കണ്ടത്ത് എത്തിയപ്പോഴാണ് വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ കമ്മീഷന്‍റെ ഉത്തരവ്. പോലീസിനും ആർ.ഡി.ഒയ്ക്കും ഇതു സംബന്ധിച്ച് നാളെ നിർദ്ദേശം നൽകുമെന്നും ജുഡീഷ്യൽ കമ്മീഷൻ വ്യക്തമാക്കി. നിലവിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൃത്യത ഇല്ലാത്തതും ഗുരുതരമായ പിഴവുകളും അടങ്ങിയതാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുറിവിന്‍റെ ആഴവും പഴക്കവും തിട്ടപ്പെടുത്തിയിട്ടില്ല. ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാത്തതും വീഴ്ചയായി കണ്ടെത്തിയിരുന്നു. വീഴ്ചകൾ കേസിനെ ബാധിക്കുമെന്നതിനാലാണ് വീണ്ടും പോസ്റ്റ് മോർട്ടം ചെയ്യാൻ തയാറാകുന്നത്. അതേസമയം തീരുമാനം സ്വാഗതം ചെയ്ത് രാജ്‌കുമാറിന്റെ അമ്മ കസ്തൂരി രംഗത്തെത്തി. തെളിവുകൾ പുറത്ത് വരണം, കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് കസ്തൂരി വാഗമണിൽ പറഞ്ഞു.
രണ്ടു ദിവസത്തിനകം റീ പോസ്റ്റ്മോർട്ടം നടത്തണമെന്ന ആവശ്യം സർക്കാരിനു മുന്നിൽ സമർപ്പിക്കുമെന്ന് കമ്മീഷൻ പറഞ്ഞു. ജൂൺ 21നാണ് വാഗമൺ കോലാഹലമേട് കസ്തൂരി ഭവനിൽ രാജ്കുമാർ (50) റിമാൻഡിൽ കഴിയവേ പീരുമേട് സബ് ജയിലിൽ മരിച്ചത്. 22ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ക്രൂരമർദ്ദനമാണ് മരണകാരണമെന്ന പരാതിയിൽ ജുഡീഷൽ അന്വേഷണം സർക്കാർ പ്രഖ്യാപിക്കുകയും ജസ്റ്റീസ് നാരായണക്കുറുപ്പിനെ കമ്മീഷനായി നിയമിക്കുകയുമായിരുന്നു.

